തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) ഓഫീസർ തസ്തികളിലെ (സർക്കിൾ ബേസ്ഡ് ഓഫിസർ) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 2964 ഒഴിവുകളുണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 29. കേരളവും ലക്ഷദ്വീപും ഉൾപ്പെട്ട തിരുവനന്തപുരം സർക്കിളിൽ116 ഒഴിവുണ്ട്. 48,480 മുതൽ 85,920 രൂപ വരെയാണ് ശമ്പളം. ഡി.എ, എച്ച്.ആർ.എ, സി.സി.എ, ചികിത്സസഹായം, പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളുമുണ്ട്. ജൂനിയർ മാനേജ്മെന്റ് ഗ്രേഡിൽ ഓഫിസറായാണ് നിയനം.
അംഗീകൃത സർവകലാശാല ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് ഡ്യൂവൽ ഡിഗ്രി, മെഡിക്കൽ, എൻജിനീയറിങ് ബിരുദം, ചാർട്ടേർഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. ഓൺലൈൻ പരീക്ഷ, സ്ക്രീനിങ്, ഇന്റർവ്യൂ, പ്രാദേശിക ഭാഷാ പരിജഞാന പരീക്ഷ എന്നിങ്ങനെ വിവിധ ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, ലക്ഷദ്വീപിൽ കവരത്തി എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ടാവും. പ്രായപരിധി 30.4.2025ൽ 21-30 വയസ്സ്. 1995 മേയ് ഒന്നിന് മുമ്പോ 2004 ഏപ്രിൽ 30ന് ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഇളവുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://bank.sbi/web/careers/current-openings ൽ ലഭ്യമാണ്.