തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് സ്റ്റഡി എബ്രോഡ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്റർനാഷണൽ എജ്യൂക്കേഷൻ മിനി എക്സ്പോ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് തൃശ്ശൂർ കസിനോ ഹോട്ടലിലും ആറിന് എറണാകുളം റെനാ ഇവന്റ് ഹബ്ബിലുമായി നടക്കുന്ന എക്സ്പോയിലൂടെ വിവിധ രാജ്യങ്ങളിലെ ഉപരിപഠന തൊഴിൽ സാധ്യതകളെക്കുറിച്ചും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും മനസിലാക്കാനാകും. യു.എസ്.എ, ഓസ്ട്രേലിയ, യു.കെ., കാനഡ എന്നീ നാല് വിദേശരാജ്യങ്ങളിൽ നിന്നുള്ള 10 ൽപ്പരം യൂണിവേഴ്സിറ്റികളുടെ പ്രതിനിധികളുമായി സംവദിക്കാൻ അവസരം ലഭിക്കും.
മികച്ച കോളജുകൾ/യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിലെ അനുയോജ്യ കോഴ്സ് തെരഞ്ഞെടുക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ, അഡ്മിഷനു മുന്നോടിയായുള്ള പരിശീലനം, വിസ പ്രോസസിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങൾ, വിദേശത്തേക്കു പോകുന്നതിനു മുൻപുളള മാർഗനിർദേശങ്ങൾ, വിദേശഭാഷാ പരിശീലനം തുടങ്ങിവ സേവനങ്ങൾ ലഭിക്കും. അഡ്മിഷന് അർഹരായവർക്ക് സ്കോളർഷിപ്പ് നൽകും. രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ നടക്കുന്ന എക്സ്പോയിലേക്ക് http://odepc.net/edu-expo-2023 ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2329440/41/6282631503.