SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ഫാർമസി കോളേജിനെ സംസ്ഥാന റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാക്കി ഉയർത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഔഷധ ഗവേഷണ രംഗത്ത് കേരളത്തിനുള്ളത് അനന്തമായ സാധ്യതകളാണ്. ഫാർമസി മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായാണ് ഒരു ഫാർമസി കോളേജിനെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാക്കി മാറ്റുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പല രോഗങ്ങളും രാജ്യത്ത് ആദ്യമായി കണ്ടുപിടിക്കുന്നത് കേരളത്തിലാണ്. പുതിയ മരുന്നുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി വ്യവസായ വകുപ്പുമായി ആലോചിച്ചു വരുന്നു. കേരളത്തെ സംബന്ധിച്ച് ഔഷധ ഗവേഷണ മേഖലയിൽ വലിയ പ്രാധാന്യമുണ്ട്. ഫാർമസി മേഖലയിൽ ഗവേഷണത്തിൽ ഊന്നിയുള്ള വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതാണ്. ഡോക്ടർമാർ എഴുതുന്ന മരുന്നിനോടൊപ്പം തന്നെ പ്രധാനമാണ് ശരിയായ രീതിയിലുള്ള മരുന്നുകളുടെ ഉപയോഗവും. ഔപചാരികമായി ഫാർമസി വിദ്യാഭ്യാസം നേടിയ കൂടുതൽ ഫാർമസിസ്റ്റുകളുടെ സേവനം ആശുപത്രികളിലും ആരോഗ്യ മേഖലകളിലും ലഭ്യമാക്കുന്നത് ആലോചിക്കും.
പരിശോധന നടത്തി ഗുണനിലവാരമുള്ള മരുന്നുകൾ സംസ്ഥാനത്ത് ഉറപ്പുവരുത്തണമെന്ന് ഡ്രഗ്സ് കൺട്രോളർക്ക് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. കൂടുതൽ പരിശോധനകൾ നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളും മരുന്നുകൾ ഉപയോഗിക്കുന്നതിൽ ശ്രദ്ധ പുലർത്തണം. ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം തടയണം. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസിന് സർക്കാർ വളരെ പ്രാധാന്യം നൽകുന്നു. രോഗികളുടെ എണ്ണം കൂടുന്നത് മുന്നിൽകണ്ട് മരുന്നുകളുടെ ഇൻഡന്റ് കൃത്യമായി നൽകണമെന്ന് എല്ലാ ആശുപത്രികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ആഗോളതലത്തിൽ ആരോഗ്യ മേഖല പുതിയ പുതിയ വെല്ലുവിളികൾ നേരിടുകയാണ്. കൂട്ടായ പരിശ്രമത്തിലൂടെ കോവിഡിനെ അതിജീവിച്ചു വരികയാണ്. കോവിഡിന്റെ പുതിയ വകഭേദങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതിനാൽ ശ്രദ്ധ തുടരണം. ലോകത്തിനു മുന്നിൽ കേരളത്തിന്റെ ആരോഗ്യ മേഖല ബ്രാൻഡഡാണ്. ആരോഗ്യ മേഖലയിൽ ദീർഘവീക്ഷണത്തോടെ ഒരുമിച്ച് പ്രവർത്തിക്കാമെന്നും മന്ത്രി പറഞ്ഞു.
മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ. ശ്രീമതി ടീച്ചർ അധ്യക്ഷത വഹിച്ചു. കെ.എസ്.പി.സി പ്രസിഡന്റ് ഒ.സി. നവീൻ ചന്ദ്, ഡ്രഗ്സ് കൺട്രോളർ പി.എം. ജയൻ, ചീഫ് ഗവ. അനലിസ്റ്റ് ടി. സുധ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.