JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഉപകരണങ്ങള്‍ വാങ്ങുന്നതിന് സ്‌കൂളുകളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. സയന്‍സ് ലാബ്, ഫര്‍ണിച്ചര്‍, ലൈബ്രറി പുസ്തകങ്ങള്‍ എന്നിവക്കാണ് സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ളത്. സയന്‍സ് ലാബില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ഒരു സ്‌കൂളിന് 2ലക്ഷം രൂപ നിരക്കില്‍ 4 കോടി രൂപയാണ് സര്‍ക്കാര്‍ വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയിട്ടുള്ളത്. ലാബ് ഉപകരണങ്ങളുടെ അത്യാവശ്യം

മുന്‍നിര്‍ത്തി ഓരോ ജില്ലയിലേയും സ്‌കൂളുകളുടെ മുന്‍ഗണനാടിസ്ഥാനത്തിലുള്ള ലിസ്റ്റ് തയ്യാറാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ലൈബ്രറി പുസ്തകങ്ങള്‍ വാങ്ങുന്നതിന് ഒരു സ്‌കൂളിന് അര ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. 200 സ്‌കൂളുകള്‍ക്കായി ഒരു കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. ലൈബ്രറി പുസ്തകങ്ങളുടെ അപര്യാപ്തത നേരിടുന്ന സ്‌കൂളുകളുടെ മുന്‍ഗണന പട്ടികയാണ് തയ്യാറാക്കേണ്ടത്. ഫര്‍ണ്ണിച്ചര്‍ വാങ്ങുന്നതിന് ഒരു സ്‌കൂളിന് രണ്ട് ലക്ഷം വീതമാണ് അനുവദിക്കുക. നാല് കോടി രൂപ ഇതിനായി വാര്‍ഷിക പദ്ധതിയില്‍ നീക്കിവെച്ചിട്ടുണ്ട്. ഓരോ ഹയര്‍ സെക്കന്‍ഡറി ഉപമേഖലാ ഓഫീസുകളും സ്‌കൂള്‍

പരിശോധന നടത്തി തങ്ങളുടെ കീഴില്‍ വരുന്ന 2 ജില്ലകളില്‍ നിന്ന് ഒരു ജില്ലക്ക് 20 സ്‌കൂള്‍ എന്ന നിലയിലാണ് മൂന്ന് പദ്ധതിക്കും മുന്‍ഗണന പട്ടിക തയ്യാറാക്കേണ്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്‌കൂളുകളെ പുതുതായി പരിഗണിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂളുകള്‍ തുക പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്നുവെന്ന് ആര്‍.ഡി.ഡിമാര്‍ ഉറപ്പ് വരുത്തണം. സ്‌കൂളുകളുടെ പട്ടിക ജൂലൈ പതിനഞ്ചിനകം

സമര്‍പ്പിക്കണം. ആഗസ്റ്റ് ഒന്നിനകം ഈ സ്‌കൂളുകള്‍ക്ക് ഭരണാനുമതി നല്‍കും. ആഗസ്റ്റ് 31നകം വാങ്ങല്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. സെപ്റ്റംബര്‍ പതിനഞ്ചിനകം ഫണ്ട് പൂര്‍ണ്ണമായും ചെലവഴിക്കണം.