JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: സാമൂഹിക ഇടപെടലിന്റെ ബാലപാഠങ്ങൾ ആർജിക്കുന്നതിന് ഗേൾസ്, ബോയ്സ് സ്‌കൂളുകൾ മിക്സഡ് സ്‌കൂളുകളായി മാറേണ്ടത് അനിവാര്യമാണെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ പറഞ്ഞു. 2009ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സംസ്ഥാനതല നിർവഹണ ഉദ്യോഗസ്ഥരുടെ കൂടിയാലോചനാ യോഗത്തിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹൈപ്പർ ആക്റ്റിവ് ആയ വിദ്യാർഥികളെയും പഠന വൈകല്യമുള്ള കുട്ടികളെയും പ്രത്യേക പരിഗണന നൽകി മുന്നോട്ട് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം
പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ 2009ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തന ചുമതലകൾ യോഗം ചർച്ച ചെയ്തു. 100 ശതമാനം പ്രവേശനം ഉറപ്പാക്കുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനും പ്രത്യേക പരിഗണന നൽകുക, എല്ലാ വിദ്യാലയങ്ങളിലും ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ രൂപവത്ക്കരിക്കുക, കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്‌കൂൾ ഹെൽത്ത് കമ്മിറ്റികൾ രൂപവത്ക്കരിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് കൂടിയാലോചനാ യോഗം സംഘടിപ്പിച്ചത്.
വിദ്യാലയങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങളോടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുക, കുട്ടികളുടെ അവകാശ സംരക്ഷണ നിയമങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുക എന്നിവ നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകളും നടന്നു. ഓൺലൈൻ പഠന കാലത്ത് വിദ്യാർഥികളിലെ മൊബൈൽ ഉപയോഗം വർധിച്ച സാഹചര്യത്തിൽ സമൂഹ മാധ്യമ സാക്ഷരത ഉറപ്പാക്കുന്നതിനായി പ്രത്യേക ക്ലാസ്സുകൾ നൽകുന്നതിനും യോഗം നിർദേശിച്ചു.സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകൾ പ്രവത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാവശ്യമായ ഇടപെടലുകൾ കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടാകും.
ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ സ്‌കൂളുകളിൽ ഇൻസുലിൻ എടുക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കേണ്ടതുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇൻസുലിൻ സ്വീകരിക്കുന്ന കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യം ഇല്ലാത്തതും മറ്റുള്ളവർക്കിടയിൽ അപഹാസ്യരാകുന്ന സാഹചര്യമുണ്ടാകുന്നതും ഇത്തരം കുട്ടികളിൽ മാനസിക പ്രയാസം സൃഷ്ടിക്കുന്നതായി കമ്മീഷൻ വിലയിരുത്തി.യോഗത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളായ റെനി ആന്റണി, ബി. ബബിത, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. ആർ. നിശാന്തിനി എന്നിവർ പ്രസംഗിച്ചു.