JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: 2022 – 23 അക്കാദമിക വർഷത്തെ സ്കൂൾ കരട് മാനുവലും അക്കാദമിക് മാസ്റ്റർ പ്ലാനും പുറത്തിറക്കി. സ്കൂൾ മാനുവൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലും അക്കാദമിക് മാസ്റ്റർ പ്ലാൻ എസ് സി ഇ ആർ ടി യുടെ നേതൃത്വത്തിലുമാണ് തയ്യാറാക്കിയത്. മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. സ്കൂൾ എന്ന് പറഞ്ഞാൽ എന്താണ്? ഒരു സ്കൂളിൽ എന്തെല്ലാം ഘടകങ്ങൾ ഉണ്ടാകും? ഓരോ ഘടകവും വിഭാവനം ചെയ്തിരിക്കുന്നത് എങ്ങനെയാണ് ? ഓരോ ഘടകത്തിന്റേയും പ്രവർത്തനം എങ്ങനെയാണ് ? തുടങ്ങിയവയൊക്കെ സ്കൂൾ മാനുവലിൽ സവിസ്തരം പ്രതിപാദിക്കുന്നു . സ്കൂളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സൂക്ഷ്മതലത്തിൽ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതാണ് സ്കൂൾ മാനുവൽ.
സ്കൂൾ പ്രവർത്തന സമയം, ടൈംടേബിൾ, ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്ന വാർഷിക കലണ്ടർ, പ്രതിമാസ പ്രവർത്തന കലണ്ടർ എന്നിവ കൃത്യതയോടെ രൂപീകരിക്കേണ്ട വിധം വ്യക്തമാക്കും വിധം സ്കൂൾ മാനുവൽ ക്രമീകരിക്കുന്നുണ്ട്.
അധ്യാപകരുടെ ചുമതലാ വിഭജനം.. കുട്ടികളുടെ ക്ഷേമം, അവകാശങ്ങൾ തുടങ്ങിയവ മുൻനിർത്തിയുള്ള കാര്യങ്ങൾ, , എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങൾ,നിരന്തര മൂല്യ നിർണയം സംബന്ധിച്ച കൃത്യമായ മാനദണ്ഡം, കുട്ടികളുടെ ആരോഗ്യം, പഠനമികവ്, കലാ കായിക സാഹിത്യ, വൈജ്ഞാനിക നേട്ടങ്ങൾ, ഇവയിലെല്ലാം ഉള്ള പുരോഗതി സംബന്ധിച്ച് കൃത്യമായ പ്രൊഫൈൽ ഉണ്ടാവും.
സ്കൂളിൽ കുട്ടികൾ ചെയ്യേണ്ട കാര്യങ്ങൾ,
രക്ഷിതാക്കൾ ചെയ്യേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആയ കാര്യങ്ങൾ
പി ടി എ /എസ്. എം. സി പ്രവർത്തനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും
സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തനം സംബന്ധിച്ച വിശദാംശങ്ങൾ, കലോത്സവം, കായികമേള, ശാസ്ത്രമേള, ഭിന്ന ശേഷി കലോത്സവം, വിദ്യാരംഗം, ശാസ്ത്ര രംഗം തുടങ്ങിയ പരിപാടികളുടെ കൃത്യമായ നടപ്പാക്കൽ, ഭിന്നശേഷി കുട്ടികളുടെ അനുകൂല്യങ്ങൾ, അധ്യയനം, ആരോഗ്യ പരിപാലനം, രക്ഷിതാക്കളുടെ പിന്തുണ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവ
സ്കൂളിലെ ഭൗതിക സാഹചര്യ വികസനം, നിർമ്മാണപ്രവർത്തനങ്ങൾ, അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, ഹരിത വിദ്യാലയം, ബയോഡൈവേഴ്സിറ്റി പാർക്ക്, സ്കൂളിലെ പച്ചക്കറി കൃഷി
അങ്ങനെ സ്കൂളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സൂക്ഷ്മതലത്തിൽ വിശകലനം ചെയ്തു അവതരിപ്പിക്കുകയാണ് സ്കൂൾ മാനുവലിൽ. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന സൂചകത്തിന് 10 ലക്ഷ്യങ്ങളും നിര്‍വചിച്ചിട്ടുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും തുല്യതയുള്ളതുമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയും എല്ലാവര്‍ക്കും ആജീവനാന്തപഠനാവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ ദൗത്യം. കേരളം മറ്റു പല രംഗങ്ങളിലുമെന്നപോലെ വിദ്യാഭ്യാസരംഗത്തും ഏറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാരുകളുടെ വികസനാത്മകമായ ഇടപെടലുകളും പ്രബുദ്ധരായ സമൂഹത്തിന്‍റെ സഹകരണവും സഹായങ്ങളും വിദ്യാഭ്യാസവകുപ്പിന്‍റെ നേതൃത്വപരമായ പങ്കും നടപ്പാക്കിയ വിവിധ പ്രോജക്ടുകളും ഈ പുരോഗതിക്ക് കാരണമായിട്ടുണ്ട്.
അതിലെല്ലാമുപരി അധ്യാപകസമൂഹത്തിന്‍റെ അക്ഷീണപ്രയത്നം ഇതിനു ഉത്തേജകമായിട്ടുണ്ട്. സംസ്ഥാനത്ത് നടപ്പിലാക്കിയ \’പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം\’ വിദ്യാഭ്യാസരംഗത്ത് അഭൂതപൂര്‍വമായ ഉണര്‍വ് സൃഷ്ടിച്ചു. ഇതിന്‍റെ ഭാഗമായി വിദ്യാലയങ്ങള്‍ ഭൗതികരംഗത്തും അക്കാദമികരംഗത്തും ഏറെ നേട്ടങ്ങള്‍ കൈവരിച്ചു. പൊതുവിദ്യാലയങ്ങളിലേക്ക് മുന്‍കാലങ്ങളിലില്ലാത്തവിധം ലക്ഷക്കണക്കിന് കുട്ടികള്‍ പുതിയതായി വന്നുചേര്‍ന്നു. സമൂഹത്തിന് പൊതുവിദ്യാലയങ്ങളിലുള്ള വിശ്വാസം വര്‍ധിച്ചതിന്‍റെ വ്യക്തമായ സൂചനയാണിത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി അക്കാദമികരംഗം കൂടുതല്‍ ശക്തമാക്കുന്നതിനായി എല്ലാ വിദ്യാലയങ്ങളിലും അക്കാദമിക മാസ്റ്റര്‍പ്ലാനുകള്‍ തയാറാക്കി. പല വിദ്യാലയങ്ങളും മാസ്റ്റര്‍പ്ലാനുകള്‍ക്കനുസരിച്ച് മികച്ച പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി നല്ല മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ട്. നവകേരള സൃഷ്ടിക്ക് തയാറെടുക്കുന്ന നമ്മുടെ സംസ്ഥാനത്തിന് ഇത്തരം നേട്ടങ്ങള്‍ നാഴികക്കല്ലുകളാണ്.
ദേശീയ-അന്തര്‍ദേശീയതലങ്ങളില്‍ നടന്ന വിവിധ പഠനങ്ങളില്‍ കേരളം വിദ്യാഭ്യാസത്തില്‍ ഏറെ മുന്നിലാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. സുസ്ഥിരവികസന സൂചികകളില്‍ മേല്‍ക്കൈ നേടുവാന്‍ നമ്മെ സഹായിച്ചത് പൊതുവിദ്യാഭ്യാസരംഗത്തെ മുന്നേറ്റം കൂടിയാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ലോകത്തിന് മാതൃകയാണ്. എന്നിരുന്നാലും വിദ്യാഭ്യാസരംഗത്ത് നാം കൈവരിച്ച നേട്ടങ്ങള്‍ ഓരോ വിദ്യാര്‍ഥിക്കും ദേശ, ഭാഷ, വര്‍ഗ, വര്‍ണ, ലിംഗ ഭേദമന്യെ ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ അവകാശനിയമത്തില്‍ പരാമര്‍ശിക്കുന്ന വിദ്യാര്‍ഥിയുടെ അവകാശമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും എന്ന ലക്ഷ്യത്തിന് തൊട്ടടുത്താണ് നാം.
മേല്‍പ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് നമ്മുടെ വിദ്യാലയങ്ങളെ സമൂലമായി മാറ്റിയെടുക്കേണ്ടതുണ്ട്. അതിനായി വിദ്യാലയസമൂഹവും അധ്യാപകരും വിദ്യാഭ്യാസസംവിധാനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂട്ടായി യത്നിക്കണം. നമ്മുടെ വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് അക്കാദമിക മാസ്റ്റര്‍പ്ലാന്‍. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി മുന്‍വര്‍ഷങ്ങളില്‍ വിദ്യാലയങ്ങള്‍ തയാറാക്കിയ അക്കാദമിക മാസ്റ്റര്‍പ്ലാനുകള്‍ വേണ്ടത്ര ഫലപ്രദമായി നടപ്പാക്കാന്‍ പ്രളയം, മഹാമാരി തുടങ്ങിയ കാരണങ്ങളാല്‍ കഴിയാതെ വന്നു.
അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ കാലാനുസൃതമായ മാറ്റങ്ങളോടെ അക്കാദമിക മാസ്റ്റര്‍പ്ലാന്‍ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. കോവിഡ് മഹാമാരി വിദ്യാഭ്യാസരംഗത്ത് സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കുന്നതിനും പുതിയ പദ്ധതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.
2022 ല്‍ ആരംഭിക്കുന്ന 14- ാം പഞ്ചവത്സരപദ്ധതികാലത്ത് നമ്മുടെ വിദ്യാലയങ്ങള്‍ ഏത് തരത്തില്‍ ആയിത്തീരണം എന്നു വിഭാവനം ചെയ്യണം. അത്തരത്തിലാകുന്നതിന് തടസം നില്‍ക്കുന്ന പ്രശ്നങ്ങളെ സ്കൂള്‍തലത്തില്‍ ചര്‍ച്ചചെയ്തു കണ്ടെത്തണം. ഈ പ്രശ്നങ്ങളുടെ പരിഹാരത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൂട്ടായി കണ്ടെത്തുകയും അവയ്ക്ക് മുന്‍ഗണന നിശ്ചയിക്കുകയും വേണം. അവയില്‍ ഓരോ വര്‍ഷവും നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി, അവയെ സമയബന്ധിതമായി നടപ്പാക്കാന്‍ കലണ്ടറും തയാറാക്കണം.
പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ലോകത്താകമാനം വന്ന മാറ്റങ്ങള്‍, കോവിഡനന്തരം പഠനബോധനരീതികളില്‍ വന്ന മാറ്റങ്ങള്‍, സുസ്ഥിരവികസന സൂചികകള്‍, സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതി, കേന്ദ്രസര്‍ക്കാരിന്‍റെ ദേശീയവിദ്യാഭ്യാസനയത്തിന്‍റെ സാധ്യതകള്‍ എന്നിവയെല്ലാം പരിഗണിക്കേണ്ടതുണ്ട്. വിദ്യാഭ്യാസവകുപ്പ്, എസ്.എസ്.കെ., എം.പി., എം.എല്‍.എ., പി.ടി.എ., മറ്റ് സന്നദ്ധ സംഘടനകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ വിദ്യാഭ്യാസ പദ്ധതികളെ പരമാവധി പ്രയോജനപ്പെടുത്തുകയും അവയോട് ചേര്‍ന്നുള്ള പദ്ധതികള്‍ രൂപപ്പെടുത്തുകയും വേണം.
കേരളത്തിലെ ഓരോ വിദ്യാര്‍ഥിക്കും തുല്യതയോടെ അതത് തലങ്ങളിലുള്ള പഠനനേട്ടങ്ങള്‍ ആധുനിക സങ്കേതങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി, ആസ്വാദ്യകരമായി ലഭ്യമാക്കാന്‍ ഉതകുന്ന രീതിയില്‍ ഓരോ വിദ്യാലയത്തിലും നല്ല പഠനാന്തരീക്ഷവും മികച്ച പഠനരീതികളും സംജാതമാവുന്നുവെന്ന് ഉറപ്പുവരുത്തണം എന്നതാണ് അക്കാദമിക് മാസ്റ്റർപ്ലാനിന്റെ ദർശനം.
അക്കാദമിക് മാസ്റ്റർപ്ലാനിന്റെ ലക്ഷ്യങ്ങള്‍ ഇവയാണ് :-
$ ഓരോ വിദ്യാര്‍ഥിക്കും വിദ്യാലയാന്തരീക്ഷവും പഠനപ്രവര്‍ത്തനവും അങ്ങേയറ്റം ആസ്വാദ്യകരമാക്കുന്നു.
$ വിദ്യാലയങ്ങളില്‍ കുട്ടികളുടെ പൂര്‍ണപങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.
$ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്മുറിയിലെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കലാ, കായിക, പ്രവൃത്തിപരിചയ പഠനപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നു.
$ വിദ്യാലയത്തിലെ പഠന പിന്തുണാസംവിധാനങ്ങളായ ലബോറട്ടറി, ലൈബ്രറി, കമ്പ്യൂട്ടര്‍ എന്നിവയെല്ലാം എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രാപ്തമാക്കുകയും അവ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
$ സുസ്ഥിരവികസന കാഴ്ചപ്പാടിലൂന്നി വിദ്യാലയത്തിലെ വിഭവങ്ങള്‍ (കളിയുപകരണങ്ങള്‍, ഉദ്യാനം, മൈതാനം…….) എന്നിവ വിദ്യാര്‍ഥി സൗഹൃദമായി രൂപകല്‍പ്പന ചെയ്യുകയും വിദ്യാര്‍ഥികളോടൊപ്പം സമൂഹത്തിനാകെ ഉപയോഗപ്രദമാകുകയും ചെയ്യുന്നു.
$ അധ്യാപകർ ആധുനിക സാങ്കേതികവിദ്യയുടെ കൂടി സഹായത്താല്‍ നിരന്തരം അറിവുകള്‍ പുനര്‍നിര്‍മിക്കുകയും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ്യുന്നു.
$ വിദ്യാര്‍ഥികളും വിദ്യാര്‍ഥികളും തമ്മിലും വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലും അധ്യാപകരും അധ്യാപകരും തമ്മിലും അധ്യാപകരും സമൂഹവും തമ്മിലും ഊഷ്മളമായ ബന്ധങ്ങള്‍ ഉണ്ടാക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.
$ ഓരോ വിദ്യാര്‍ഥിയേയും ഒരു യൂണിറ്റായി കണ്ടുകൊണ്ട് അവരുടെ പരമാവധി വികാസം സാധ്യമാകുന്നതരത്തില്‍ വിദ്യാലയങ്ങളെ സജ്ജമാക്കുന്നു.
$പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും പ്രത്യേക പരിഗണന അര്‍ഹിക്കുന്നതുമായ കുട്ടികളുടെ അക്കാദമിക ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു.
സ്കൂൾ മാനുവലും അക്കാദമിക് മാസ്റ്റർ പ്ലാനും വിശദമായ ചർച്ചകൾക്ക് വിധേയമാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളിൽ നിന്നുള്ള കാര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാവും അന്തിമമായ മാനുവലും മാസ്റ്റർ പ്ലാനും തയ്യാറാക്കുകയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്,പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ, അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.