പ്രധാന വാർത്തകൾ

വൈദ്യ ശാസ്ത്ര രംഗത്ത് പുതിയ വഴിത്തിരിവുമായി കേരള കേന്ദ്ര സർവകലാശാല

Apr 28, 2022 at 2:51 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: വൈദ്യ ശാസ്ത്ര മേഖലയിൽ പുത്തൻ വഴിത്തിരിവായി കേരള കേന്ദ്ര സർവകലാശാലാ ഗവേഷകരുടെ പുതിയ കണ്ടെത്തൽ. ശരീരത്തിലെ സോഡിയം സ്വയം കണ്ടെത്താനാകുന്ന നിറം മാറുന്ന കടലാസ് സ്ട്രിപ്പുകളാണ് ഗവേഷകർ വികസിപ്പിച്ചെടുത്തത്. ഫിസിക്സ്‌ നാനോ ടെക്‌നോളജി വിഭാഗം അധ്യാപിക പ്രൊഫ. സ്വപ്ന നായർ, ബയോ കെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജിവിഭാഗം തലവൻ ഡോ. രാജേന്ദ്രൻ പിലാങ്കട്ട എന്നിവരുടെ മേൽനോട്ടത്തിൽ ഗവേഷകവിദ്യാർഥികളായ ഡോ. നീലി ചന്ദ്രൻ, ബി. മണികണ്ഠ, ജെ. പ്രജിത്‌ എന്നിവരാണ് കണ്ടുപിടിത്തത്തിനു പിന്നിൽ. ഫിസിക്സ്‌ നാനോ ടെക്നോളജി വിഭാഗവും ബയോകെമിസ്ട്രിയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഗവേഷണങ്ങൾക്ക് ബയോ മെഡിക്കൽ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നുണ്ട്. രണ്ട് പഠനവിഭാഗങ്ങൾ ഒന്നിച്ചുചേർന്നുള്ള ഈ പഠനരീതിയാണ് ദേശീയ വിദ്യാഭ്യാസനയവും മുന്നോട്ടുവെക്കുന്നത്.

\"\"

ശരീരത്തിലെ ഒട്ടേറെ സുപ്രധാന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മൂലകമാണ് സോഡിയം. രക്തസമ്മർദം നിയന്ത്രിക്കാനും നാഡികളിലൂടെയുള്ള സംവേദനപ്രവാഹം നിയന്ത്രിക്കാനും സോഡിയം വളരെ വലിയ പങ്ക് വഹിക്കുന്നു. രക്തത്തിൽ സോഡിയത്തിന്റെ അസന്തുലിതാവസ്ഥ ഇപ്പോൾ മിക്കവരിലും കണ്ടു വരുന്നു. ഇത്തരമൊരു അവസ്ഥയിൽ സോഡിയം അളവ് തിരിച്ചറിയുന്നത് വലിയ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. അത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്ര സർവകലാശാല ചെലവ് കുറഞ്ഞതും പെട്ടെന്ന് ഫലം തിരിച്ചറിയാനാകുന്നതുമായ കടലാസ് സ്ട്രിപ്പുകൾ കണ്ടുപിടിച്ചത്. രക്തം, മൂത്രം, വിയർപ്പ് എന്നിവ ഉപയോഗിച്ചാണ് സോഡിയത്തിന്റെ അളവ് കണ്ടെത്തുന്നത്. ശരീര സ്രവങ്ങളിൽ മുക്കുമ്പോൾ കടലാസ് സ്ട്രിപ്പുകളിൽ വരുന്ന നിറവ്യത്യാസം പരിശോധിച്ചാണ് അളവ് നിർണയിക്കുന്നത്.

\"\"

പ്രായമായവരിലാണ് സോഡിയം അസന്തുലിതാവസ്ഥ കൂടുതലായി കാണുന്നത്. പ്രായമാകുമ്പോൾ ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്നതും ദാഹം തിരിച്ചറിയാനുള്ള കഴിവ് കുറയുന്നതും വൃക്കകളുടെ പ്രവർത്തനശേഷി കുറയുന്നതുമെല്ലാം അതിന് കാരണമാകും. ശാരീരികവിഷമതകളുള്ള ഒരാൾക്ക് ശരീരത്തിലെ സോഡിയത്തിന്റെ അളവ് തിരിച്ചറിയാൻ ലാബിലേക്ക് പോകേണ്ടിവരുന്നത് ഒഴിവാക്കാനാകുമെന്നതാണ് പുതിയ കണ്ടെത്തലിന്റെ സവിശേഷത. ഒരു വ്യക്തിക്ക് സ്വന്തം വീട്ടിലിരുന്ന് ഇഷ്ടമുള്ള സമയത്ത് മൂത്രമുപയോഗിച്ച് പരിശോധന നടത്താം. മിനിറ്റുകൾക്കുള്ളിൽ നിറം മാറ്റത്തിനനുസരിച്ച് സോഡിയത്തിന്റെ അളവിൽ വലിയ വ്യതിയാനങ്ങളുണ്ടോയെന്ന് പ്രാഥമിക വിലയിരുത്തൽ നടത്താനാകും.

\"\"

കടലാസ് സ്ട്രിപ്പുകളുടെ പേറ്റന്റ് നേടാനുള്ള ഒരുക്കത്തിലാണ് കേരള കേന്ദ്രസർവകലാശാല. കണ്ടുപിടിത്തത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിനുപിന്നാലെ രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളും സ്ഥാപനങ്ങളും വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഉപയോഗശേഷം ഉപേക്ഷിക്കാവുന്ന കടലാസ് സ്ട്രിപ്പുകളെ കൂടാതെ സോഡിയം അളവ് കണ്ടെത്തുന്ന ഡിജിറ്റൽ ഉപകരണം നിർമിക്കാനുമുള്ള ഒരുക്കത്തിലാണ് അധികൃതർ. അതിനായുള്ള പ്രാഥമികപഠനങ്ങളാണ് നിലവിൽ നടക്കുന്നത്. രക്തമോ മൂത്രത്തുള്ളികളോ കൊണ്ട്‌ സോഡിയത്തിന്റെ അളവ് ഉപകരണം കൃത്യമായി കാണിക്കും.അത്യാധുനിക ഉപകരണങ്ങളില്ലാത്തത്‌ സർവകലാശാലയിലെ പല ഗവേഷണ പ്രവർത്തനങ്ങളും വൈകാൻ കാരണമാകാറുണ്ട്. വിലകൂടിയ ഉപകരണങ്ങൾ കൊച്ചിയിലും തിരുവനന്തപുരത്തും ലഭിക്കുന്നതുപോലെ മലബാറിൽ ലഭിക്കാറില്ല. അതിനായി സർവകലാശാലയിലെ വിവിധ ഗവേഷണവകുപ്പുകൾ കേന്ദ്രീകരിച്ച് അത്യാധുനിക ഉപകരണങ്ങൾ ഉൾക്കൊള്ളുന്ന സമുച്ചയം വരേണ്ടതുണ്ട്.വിശദമായ വിവരങ്ങൾക്ക്: നാച്വർ പബ്ലിഷിങ് ഗ്രൂപ്പിന്റെ സയന്റിഫിക് റിപ്പോർട്ട് മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഗവേഷണ പ്രബന്ധം കാണുക.

Follow us on

Related News