JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
തിരുവനന്തപുരം: ലോക തണ്ണീർത്തട ദിനത്തിൽ നീർത്തടങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിച്ച് മടവൂർ ഗവ.എൽപി സ്കൂൾ. അന്വേഷണാത്മക പഠനത്തിന്റെ ഭാഗമായി മടവൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ തണ്ണീർത്തടങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സന്ദർശിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ വിശദമായ റിപ്പോർട്ടും തയ്യാറാക്കി. ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ തണ്ണീർത്തടങ്ങൾ പലതും മാലിന്യങ്ങൾ നിറഞ്ഞു നാശത്തിന്റെ വക്കിലാണെന്ന് കുട്ടികൾ തയ്യാറാക്കിയ പഠനറിപ്പോർട്ടിൽ പറയുന്നു.
ജൈവ വൈവിധ്യ സംരക്ഷണത്തിൽ തണ്ണീർത്തടങ്ങൾ വഹിക്കുന്ന പങ്ക് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മടവൂർ ചാലാംകോണം ചിറക്ക് സമീപം സംരക്ഷണ ബോർഡുകൾ സ്ഥാപിച്ചും പ്രതിജ്ഞ ചൊല്ലിയും കളിവള്ളമുണ്ടാക്കിയൊഴുക്കിയുമാണ് കുട്ടികൾ ഈ ദിവസത്തിന്റെ പ്രാധന്യം പൊതുസമൂഹത്തിൽ എത്തിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചിറക്കരയിൽ നടന്ന സംഗമം മടവൂർ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി.ബിനുകുമാർ അധ്യക്ഷനായ ചടങ്ങിൽ എ.ഇക്ബാൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.എം റാഫി നന്ദിയും പറഞ്ഞു
0 Comments