JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച സർവകലാശാലക്കുള്ള 2020ലെ ചാൻസലേഴ്സ് അവാർഡ് മഹാത്മാഗാന്ധി സർവകലാശാല ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ചാൻസലർകൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ എന്നിവർ ചേർന്ന് ബഹുമതി ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു തുടങ്ങിയവർ അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്തു.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്കും മഹാത്മാഗാന്ധി സർവകലാശാലയ്ക്കും സംയുക്തമായാണ് ഇത്തവണ അവാർഡ് നൽകിയിട്ടുള്ളത്. സംസ്ഥാന സർക്കാർ ബജറ്റ് വിഹിതമായി അനുവദിച്ചിട്ടുള്ള അഞ്ചുകോടി രൂപയും ട്രോഫിയും പ്രശംസാപത്രവുമാണ് ജേതാക്കളായ സർവകലാശാലകൾക്ക് അവാർഡിലൂടെ ലഭിക്കുക. അക്കാദമിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി അവാർഡ് തുക സർവകലാശാലകൾക്ക് വിനിയോഗിക്കാം. മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് അവാർഡ് വിഹിതമായി 2.5 കോടി രൂപയായിരിക്കും ലഭിക്കുക. നേരത്തെ 2016ലും 2018ലും മഹാത്മാഗാന്ധി സർവകലാശാല ചാൻസലേഴ്സ് അവാർഡ് നേടിയിട്ടുണ്ട്. മുൻ ഗവർണർ ജസ്റ്റിസ് (റിട്ട.) പി. സദാശിവം സർവകലാശാലകളുടെ ചാൻസലർകൂടിയായിരിക്കേ 2015 മുതലാണ് സംസ്ഥാനത്ത് ഈ ബഹുമതി ഏർപ്പെടുത്തിയത്. മഹാത്മാഗാന്ധി സർവകലാശാലയെ പ്രതിനിധീകരിച്ച് സിൻഡിക്കേറ്റംഗങ്ങളായ ഹരികൃഷ്ണൻ പി, ഡോ. ഷാജില ബീഗം എസ്, ഡോ. റോബിനെറ്റ്ജേക്കബ്, ഗവേഷക വിദ്യാർത്ഥി കുമാരി അശ്വനി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

0 Comments