JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0
തിരുവനന്തപുരം: വിളിച്ചാൽ ഫോൺ എടുക്കാറില്ല എന്ന നിരന്തര പരാതിയെ തുടർന്ന് പരീക്ഷാഭവനിൽ മന്ത്രി വി.ശിവൻകുട്ടിയുടെ മിന്നൽ പരിശോധന. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് മന്ത്രി തിരുവനന്തപുരത്തെ പരീക്ഷാഭവനിൽ നേരിട്ട് എത്തിയത്. പരീക്ഷാഭവന്റെ നമ്പറിൽ വിളിച്ചാൽ ആരും ഫോൺ എടുക്കാറില്ല എന്ന പരാതി ലഭിച്ചിരുന്നു. ഈ നമ്പറിലേക്ക് മന്ത്രിയും വിളിച്ചു. പക്ഷേ ആരും ഫോണെടുത്തില്ല. ഇതേതുടർന്നാണ് മന്ത്രി ശിവൻകുട്ടി നേരിട്ട് പരീക്ഷാഭവനിൽ എത്തിയത്. പരീക്ഷാഭവനിൽ വിവിധ പരാതികളുമായി വിളിക്കുന്നവർക്ക് പരിഹാരം ലഭിക്കാറില്ല എന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.
വീഡിയോ കാണാം ttps://www.facebook.com/273642039942942/posts/903740450266428/

പരീക്ഷാഭവനിൽ എത്തിയ മന്ത്രി റിസപ്ഷനിലേക്ക് കയറിച്ചെന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മന്ത്രി എത്തിയതറിഞ്ഞ് റിസപ്ഷനിൽ എത്തിയ ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി തനിക്ക് ലഭിച്ച പരാതികൾ ചൂണ്ടിക്കാട്ടി. അപേക്ഷകരുടെയും പരാതിക്കാരുടെയും ഫോൺ അറ്റൻഡ് ചെയ്യാൻ കൂടുതൽ ആളുകളെ നിയോഗിക്കണമെന്നും വേണ്ടിവന്നാൽ കൂടുതൽ ടെലിഫോൺ ലൈനുകൾ ഇതിനായി ഉപയോഗിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. ഇത്തരത്തിലുള്ള പരാതി ഇനിമേൽ ഉണ്ടാകരുതെന്നും അതിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. വേണ്ട നടപടികൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ മന്ത്രിയ്ക്ക് ഉറപ്പു നൽകി. റിസപ്ഷനും പരിസരപ്രദേശങ്ങളും വൃത്തിയാക്കണമെന്ന നിർദേശം കൂടി നൽകിയാണ് മന്ത്രി മടങ്ങിയത്.

0 Comments