തിരുവനന്തപുരം: കേരളത്തിൽ എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പോലും പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പ്ലസ് വൺ സീറ്റുകളുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിനിടെയാണ് പ്രതിപക്ഷ നേതാവിനെ ശക്തമായ പ്രതികരണം. സിബിഎസ്ഇയും ഐസിഎസ്ഇയും പാസായ വിദ്യാർത്ഥികൾക്ക് പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിദ്യാർഥികൾക്കും കേരളത്തിൽ സീറ്റുകൾ നൽകേണ്ടതുണ്ട്. കേരളത്തിൽ എസ്എസ്എൽസി പാസായ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് പോലും നിലവിൽ സീറ്റ് ലഭിക്കാത്ത അവസ്ഥയാണ്. ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ട വിഷയം തിരഞ്ഞെടുക്കാൻ കഴിയുന്നില്ല. കഴിഞ്ഞ വർഷം സിബിഎസ്ഇ യിൽ നിന്ന് 37,000 വിദ്യാർഥികൾ കേരളത്തിൽ പ്ലസ് വണ്ണിന് പ്രവേശനം നേടിയിട്ടുണ്ട്. ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന് നിന്നെത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിൽ നിർബന്ധമായും സീറ്റുകൾ നൽകിയേ തീരൂ. 4,65,219 അപേക്ഷകൾ പ്ലസ് വണ്ണിന് ലഭിച്ചിട്ടുണ്ട്. 2.18 ലക്ഷം സീറ്റുകളാണ് അലോട്ട് ചെയ്തത്. മെറിറ്റ് സീറ്റിൽ ഇനി ബാക്കിയുള്ളത് 52,000 മാത്രമാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. രണ്ട് ലക്ഷത്തോളം വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനിൽക്കുന്നതായും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രി സംസ്ഥാനത്തിന് അകത്തുള്ള വിദ്യാർത്ഥികളുടെ കാര്യം മാത്രമാണ് പറയുന്നതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. വിദ്യാർത്ഥികൾക്ക് സ്വന്തം താലൂക്കിലും ജില്ലയിലും സീറ്റുകൾ കിട്ടാത്ത അവസ്ഥയാണ്. രണ്ട് ലക്ഷത്തി എഴുപത്തിനായിരത്തോളം മെറിറ്റ് സീറ്റുകൾ കേരളത്തിൽ ഉണ്ട്. ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം വിദ്യാർഥികൾക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്.

കണക്കുകൾ പ്രകാരം ഫുൾ എപ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഇതിനോടകം സീറ്റുകൾ ലഭിക്കേണ്ടതല്ലെ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സീറ്റ് കിട്ടാത്ത വിദ്യാർഥികളുടെ രക്ഷിതാക്കൾ ഏറെ പ്രതീക്ഷയോടെയാണ് നിയമസഭാ സമ്മേളനം നോക്കി കാണുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിന് നിലവിലെ സങ്കീർണതകൾ പരിഹരിക്കാൻ സർക്കാർ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും രക്ഷിതാക്കൾ പ്രതീക്ഷിക്കുന്നുണ്ട്. സീറ്റുകൾ ലഭിക്കാത്ത വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മാനസിക സംഘർഷം ചില സ്കൂൾ മാനേജ്മെന്റുകൾ ചൂഷണം ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിന് ചില മാനേജ്മെന്റ് കൾ ലക്ഷക്കണക്കിന് രൂപയാണ് ആവശ്യപ്പെടുന്നതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ഇതിനിടെയാണ് വിദ്യാഭ്യാസമന്ത്രി കണക്കുകൾ മാത്രം നിരത്തി പ്രശ്നത്തെ സമീപിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
0 Comments