തൃശ്ശൂർ: നവംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുന്നതിനോടുള്ള രക്ഷിതാക്കളുടെ അഭിപ്രായമറിയാൻ മാളയിലെ രാജു ഡേവിസ് ഇന്റർനാഷണൽ സിബിഎസ്ഇ സ്കൂൾ നടത്തിയ ഓൺലൈൻ സർവേയിൽ കുട്ടികളെ വിടില്ലെന്ന നിലപാടിൽ 75% പേർ. രക്ഷിതാക്കളുടെ അഭിപ്രായം കണക്കിലെടുത്ത് നവംബറിൽ സ്കൂൾ തുറക്കേണ്ടെന്ന് മാനേജ്മെന്റ് തീരുമാനമെടുത്തു. നവംബർ ഒന്നുമുതൽ കേരളത്തിൽ സ്കൂളുകൾ തുറക്കുന്നു എന്ന വാർത്തകൾ വന്നതുമുതൽ സ്കൂളിലെ വാട്സ്ആപ് ഗ്രൂപ്പിൽ എതിർപ്പുകൾ ഉയർന്നത്തോടെയാണ് സ്കൂൾ അധികൃതർ ഓൺലൈൻ സർവേ നടത്തിയത്. ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ വിടാൻ തയ്യാറല്ലെന്ന നിലപാടെടുത്തു. ഡിസംബർ വരെ ഓൺലൈൻ ക്ലാസുകൾ മതിയെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിൽ സർക്കാർ മാനദണ്ഡ പ്രകാരം ക്ലാസുകൾ നടത്താൻ ഇരട്ടി അദ്ധ്യാപകരെ നിയമിക്കേണ്ടി വരുമെന്ന് മാനേജ്മെന്റും ചൂണ്ടിക്കാട്ടുന്നു.

0 Comments