ഇഷ്ടവിഷയം തിരഞ്ഞെടുത്ത് പഠിക്കാന്‍ ഹൊറിസോണ്ടല്‍ മൊബിലിറ്റി സംവിധാനം

Sep 23, 2021 at 6:01 am

Follow us on

കാലിക്കറ്റ്: സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി.വിദ്യാര്‍ഥികള്‍ക്ക് മറ്റുവകുപ്പുകളിലുള്ള ഇഷ്ടവിഷയം കൂടി പഠിക്കാന്‍ അവസരം. ശാസ്ത്രം പഠിക്കുന്നവര്‍ക്ക് ഭാഷാ വിഷയങ്ങളോ മാനവിക വിഷയങ്ങള്‍ പഠിക്കുന്നവര്‍ ശാസ്ത്ര വിഷയങ്ങളോ അങ്ങനെ ലഭ്യമായതെന്തും തിരഞ്ഞെടുക്കാവുന്ന ഹൊറിസോണ്ടല്‍ മൊബിലിറ്റി സംവിധാനം ഏര്‍പ്പെടുത്തി. വൈസ് ചാന്‍സിലര്‍ ഡോ.എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു, സിണ്ടിക്കേറ്റ് അംഗം ഡോ. എം. മനോഹരന്‍, പഠനവകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത സി.സി.എസ്.എസ്. പി.ജി. അക്കാദമിക് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഓരോ വകുപ്പിനും മറ്റുവകുപ്പിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കാവുന്ന ഇലക്ടീവ് വിഷയങ്ങളുടെ പട്ടിക തയ്യാറാക്കി സമര്‍പ്പിക്കാന്‍ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളിലായി നാല് വിഷയങ്ങള്‍ ഇലക്ടീവായി പഠിച്ച് 16 ക്രെഡിറ്റ് വരെ നേടാനാകും. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രണ്ട് മണി മുതല്‍ നാല് മണി വരെയാകും ഈ വിഷയങ്ങളുടെ ക്ലാസുകള്‍. സി.സി.എസ്.എസിന് കീഴില്‍ വരുന്ന മുപ്പതോളം പഠനവകുപ്പുകളുണ്ട്. ഇഷ്ടവിഷയങ്ങള്‍ പഠിക്കാനായി വിദ്യാര്‍ഥികള്‍ രജിസ്ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞെന്ന് സി.സി.എസ്.എസ്. കണ്‍വീനര്‍ ഡോ. പി.പി. പ്രദ്യുമ്നന്‍ പറഞ്ഞു.

\"\"

Follow us on

Related News