കാലിക്കറ്റിന്റെ കായിക കിരീടം ക്രൈസ്റ്റ് ഇരിങ്ങാലക്കുടക്ക്

Jul 28, 2021 at 7:37 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്. പുരുഷ വിഭാഗത്തില്‍ 11 സ്വര്‍ണം ഉള്‍പ്പെടെ 88 പോയിന്റുകളും വനിതാ വിഭാഗത്തില്‍ ഒമ്പത് സ്വര്‍ണം ഉള്‍പ്പെടെ 81 പോയിന്റുമാണ് ക്രൈസ്റ്റിന്റെ സമ്പാദ്യം.

\"\"


പുരുഷ വിഭാഗത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് 81 പോയിന്റ് നേടി രണ്ടാം സ്ഥാനവും ഒമ്പത് പോയിന്റുമായി തിരൂരങ്ങാടി പി.എസ്.എം.ഒ. കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളജ് 53 പോയിന്റും പാലക്കാട് മേഴ്സി കോളജ് 38 പോയിന്റും നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി.

\"\"


മികച്ച പുരുഷ അത്ലറ്റായി ക്രൈസ്റ്റ് കോളേജിലെ ട്രിപ്പിള്‍ ജമ്പ് താരം എന്‍. അനസ് തിരഞ്ഞെടുക്കപ്പെട്ടു. തുല്യ പോയിന്റുകള്‍ നേടിയ സെന്റ് തോമസ് കോളേജിലെ പി.ഡി. അഞ്ജലി, ക്രൈസ്റ്റ് കോളേജിലെ സാന്ദ്രാ ബാബു എന്നിവര്‍ മികച്ച വനിതാ അത്ലറ്റ് പട്ടം പങ്കിട്ടു.
ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് കായികമേളയില്‍ പ്രത്യേകമായി അവസരം നല്‍കിയ കാലിക്കറ്റിന്റെ മീറ്റില്‍ ഇത്തവണയും മൂന്ന് പേര്‍ പങ്കെടുത്തു.


കോവിഡ് സാഹചര്യത്തിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ച് മീറ്റ് നടത്താനായെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.
ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ വൈസ് ചാന്‍സലറും പ്രോ വി.സി. ഡോ. എം. നാസറും സിന്‍ഡിക്കേറ്റ് സ്ഥിരം സമിതി കണ്‍വീനര്‍ അഡ്വ. ടോം കെ. തോമസും വിതരണം ചെയ്തു. കായികവിഭാഗം ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ ഉപ ഡയറക്ടര്‍ ഡോ. എം. ആര്‍ ദിനു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

\"\"

Follow us on

Related News