കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വൈസ് ചാൻസലർക്ക് പരാതി നൽകാനെത്തിയ വിദ്യാർഥികളെ പോലീസ് തടഞ്ഞു. 62 വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആക്കുന്ന സംഭവമാണിത് എന്നും സർവകലാശാലയും വൈസ് ചാൻസലറും മൗനം കൈവെടിയണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. എംഎ സംസ്കൃതസാഹിത്യം പരീക്ഷയുടെ 276 ഉത്തരക്കടലാസുകൾ 10ദിവസം മുൻപാണ് കാണാതായത്.

ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ സർവകലാശാലയും വൈസ് ചാൻസിലർ അടക്കമുള്ളവരും ഇതുവരെ വിദ്യാർഥികൾക്ക് ഒരു മറുപടിയും നൽകിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പരീക്ഷ ചെയർമാനെ സസ്പെൻഡ് ചെയ്യുക മാത്രമാണ് സർവകലാശാല സ്വീകരിച്ച നടപടി.
10 ദിവസം ആയിട്ടും ഉത്തരക്കടലാസുകൾ എവിടെ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാതെ ആയതോടെയാണ് വിദ്യാർത്ഥികൾ ഇന്ന് വിസിയെ കാണാനെത്തിയത്. എന്നാൽ വിദ്യാർത്ഥികളെ അകത്ത് കയറ്റി വിടാൻ സെക്യൂരിറ്റി വിഭാഗം തയ്യാറായില്ല. ഉത്തരക്കടലാസുകൾ മോഷണം പോയി എന്നതാണ് സർവകലാശാലയിലെ ചിലർ പറയുന്നത്. എന്നാൽ ഇതിലും വ്യക്തതയില്ല.

ഉത്തരക്കടലാസുകൾ കുറിച്ച് വിവരം ഇല്ലാതായതോടെ പരീക്ഷ വീണ്ടും എഴുതേണ്ടി വരുമോ എന്ന ആശങ്കയിലാണ് വിദ്യാർഥികൾ. എന്നാൽ ഇതിന് തയ്യാറല്ല എന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. സംഭവത്തെതുടർന്ന് പിരിച്ചുവിട്ട അധ്യാപകനെ തിരിച്ചെടുക്കണമെന്ന്വ ആശ്യപ്പെട്ട് അധ്യാപകർ ഇന്ന് സർവകലാശാലയ്ക്ക് മുന്നിൽ സമരം ആരംഭിച്ചു. ഉത്തരക്കടലാസുകൾ കുറിച്ച് ഇനിയും വ്യക്തമായ വിവരം ലഭിക്കാത്തതിനാൽ 62 വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്.

0 Comments