വിദ്യാഭ്യാസ രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി: പുതിയ അധ്യയന വർഷത്തിന് തുടക്കം

Jun 1, 2021 at 10:01 am

Follow us on

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലും സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ക്രിയാത്മകമായി ഒട്ടേറെ കാര്യങ്ങൾ കേരളത്തിന്‌ ചെയ്യാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ രംഗത്ത് ലോകത്തിന് തന്നെ മാതൃകയാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ ഈ വർഷത്തെ സംസ്ഥാനതല പ്രവേശനോത്സവം ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

\"\"

അധ്യാപകരും വിദ്യാർത്ഥികളും നേരിട്ട് ആശയവിനിമയം നടത്തുന്ന ഓൺലൈൻ ക്ളാസുകളിൽ പ്രതിഭാ വളർച്ചക്കുതകുന്ന കലാ വിഷയങ്ങളും ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സവിശേഷ സ്‌കൂളുകളിലേതടക്കമുള്ള വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് മികച്ച നിലയിൽ ഡിജിറ്റൽ – ഓൺലൈൻ ക്‌ളാസുകൾ എല്ലാവരിലേക്കും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

\"\"

വീടുകളിൽ ആണെങ്കിലും ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ പ്രവേശനോത്സവം നടത്തുകയാണ്. ഇരിക്കുന്നത് അകലങ്ങളിൽ ആണെങ്കിലും മനസ്സുകൊണ്ട് എല്ലാവരും തൊട്ടടുത്താണ്. ഡിജിറ്റൽ ക്ലാസിലെ അടുത്ത ഘട്ടം എന്ന നിലയിൽ ഓൺലൈൻ ക്ലാസുകളിലൂടെ അധ്യാപകരോട് നേരിട്ട് സംശയങ്ങൾ ചോദിച്ചറിയാനും ആശയവിനിമയം നടത്താനുമുള്ള സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേർത്തു.

\"\"


വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അക്ഷരദീപം തെളിയിച്ചു.മന്ത്രിമാരായ അഡ്വ. ആന്റണി രാജു, അഡ്വ. ജി ആർ അനിൽ, തിരുവനന്തപുരം മേയർ എസ് ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌അഡ്വ.ഡി സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. മമ്മൂട്ടി, മോഹൻലാൽ, സച്ചിദാനന്ദൻ,ശ്രീകുമാരൻ തമ്പി, പി ടി ഉഷ, ബെന്യാമിൻ,ഗോപിനാഥ് മുതുകാട്,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ഓൺലൈനിലൂടെ ആശംസകൾ നേർന്നു.പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ് ഐ എ എസ് സ്വാഗതവും സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ നന്ദിയും പറഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസ് സന്നിഹിതനായിരുന്നു.

\"\"

Follow us on

Related News