പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച: മാർച്ച്‌ 14വരെ രജിസ്റ്റർ ചെയ്യാം

ന്യൂഡൽഹി: വിദ്യാർത്ഥികളിലെ പരീക്ഷാസമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നടത്തുന്ന ‘പരീക്ഷാ പേ ചർച്ച’ ഈ മാസം നടക്കും. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമായാണ് പ്രധാനമന്ത്രി ഓൺലൈൻ വഴി ആശയ വിനമയം നടത്തുക. ഇതിനായി 9മുതൽ 12വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. മാർച്ച്‌ 14 വരെയാണ് പേര് രജിസ്റ്റർ ചെയ്യാനുള്ള സമയം. ആദ്യഘട്ടത്തിൽ ‘മൈ ഗവ്’ പ്ലാറ്റ്ഫോമിൽ (https://www.mygov.in) വിദ്യാർഥികൾ നേരിട്ടോ അധ്യാപകർ വഴിയോ പേര് രജിസ്റ്റർ ചെയ്യണം.

അതിൽ നൽകിയിട്ടുള്ള പ്രമേയങ്ങളിൽ ആക്ടിവിറ്റി പൂർത്തിയാക്കിയ ശേഷം പരീക്ഷാസമ്മർദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോടുള്ള വിദ്യാർഥിയുടെ ചോദ്യം ഉന്നയിക്കണം. ചോദ്യങ്ങൾ പരമാവധി 500 അക്ഷരങ്ങളിൽ ചുരുക്കി നൽകണം. രക്ഷിതാക്കൾക്കുള്ള വിഭാഗത്തിൽ 2 പ്രമേയങ്ങളും അധ്യാപകർക്കുള്ള വിഭാഗത്തിൽ ഒരുപ്രമേയവുമാണ്‌ ഉള്ളത്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് വിദ്യാർഥിവിഭാഗത്തിൽ 1500 പേരെയും രക്ഷിതാക്കൾ, അധ്യാപകർ എന്നീ വിഭാഗങ്ങളിൽ 250 പേരെവീതവും വിജയികളായി പ്രഖ്യാപിക്കും. ഇവർക്ക് പ്രധാനമന്ത്രി പങ്കെടുക്കുന്ന ‘പരീക്ഷാ പേ ചർച്ച’ യുടെ വെർച്വൽ പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.വിജയികൾക്ക് സമ്മാനവും ലഭിക്കും.

Share this post

scroll to top