സംസ്ഥാനത്ത് 48 സ്മാർട്ട് അങ്കണവാടികൾ: 9 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 48 അങ്കണവാടികൾക്ക് ആധുനിക കെട്ടിടങ്ങൾ നിർമിക്കാൻ 9 കോടി രൂപ അനുവദിച്ചു. സ്മാർട്ട് അങ്കണവാടി പദ്ധതി പ്രകാരം കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പ്രാരംഭ ശൈശവകാല സംരക്ഷണം നൽകുന്നതിനും അങ്കണവാടികളിൽ എത്തിച്ചേരുന്ന കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിനുമായി അങ്കണവാടികളെ ശിശുസൗഹൃദമാക്കുന്നതിനാണ് നിലവിലുള്ള അങ്കണവാടികൾക്ക് പകരം ഘട്ടം ഘട്ടമായി സ്മാർട്ട് അങ്കണവാടികൾ നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.
സ്വന്തമായി സ്ഥലമുള്ള അങ്കണവാടികൾക്കാണ് സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ രൂപരേഖ പ്രകാരം ആധുനിക രീതിയിൽ കെട്ടിടം നിർമ്മിക്കുന്നത്. 48 അങ്കണവാടികൾക്ക് ഒൻപത് കോടി രൂപയാണ് അനുവദിച്ചത്. 10 സെന്റുള്ള 9 അങ്കണവാടികൾക്ക് 25 ലക്ഷം രൂപ വീതവും, അഞ്ച് സെന്റുള്ള ആറ് അങ്കണവാടികൾക്ക് 20 ലക്ഷം രൂപ വീതവും, മൂന്ന് സെന്റുള്ള 30 അങ്കണവാടികൾക്ക് 17 ലക്ഷം രൂപ വീതവും, 1.25 സെന്റുള്ള മൂന്ന് അങ്കണവാടികൾക്ക് 15 ലക്ഷം രൂപ വീതവുമാണ് വകയിരുത്തിയത്. ഇതിന് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായ 5.74 കോടി രൂപയുമടക്കം ആകെ 14.74 കോടി രൂപ വിനിയോഗിച്ചാണ് സ്മാർട്ട് അങ്കണവാടികൾ നിർമ്മിക്കുന്നത്.
അങ്കണവാടി കെട്ടിടങ്ങളുടെ രൂപകൽപന മുതൽ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വരെയുള്ള എല്ലാകാര്യങ്ങളിലും ശ്രദ്ധിച്ചാണ് സ്മാർട്ട് അങ്കണവാടികൾക്ക് രൂപം നൽകിയിരിക്കുന്നത്. വ്യത്യസ്ത വിസ്തൃതിയിലുള്ള ആറ് അങ്കണവാടി കെട്ടിടങ്ങളുടെ പ്ലാനുകളാണ് തയ്യാറാക്കിയത്. ഒന്നര സെന്റ് മുതൽ 10 സെന്റ് വരെ സ്ഥലത്തിന് അനുയോജ്യമാകുന്ന രീതിയിലാണ് കെട്ടിടം ഡിസൈൻ ചെയ്തത്. 10 സെന്റ്, ഏഴര സെന്റ് സ്ഥലമുള്ള അങ്കണവാടികൾക്ക് ഉദ്യാനം, ഇൻഡോർ ഔട്ട് ഡോർ കളിസ്ഥലങ്ങൾ തുടങ്ങിയ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Share this post

scroll to top