സഹകരണ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് വിതരണം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 25 ലക്ഷം രൂപയാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പിനു വേണ്ടി മാത്രം വകയിരുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ സഹകരണ വകുപ്പിലെ വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ ക്ഷേമസമൂഹത്തിന് ഒരു മുതല്‍ക്കൂട്ടാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന സഹകരണ യൂണിയനു കീഴിലെ സഹകരണ പരിശീലന കോളജ്/സെന്ററുകളില്‍ എച്ച്.ഡി.സി & ബി.എം, ജെ.ഡി.സി കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും നിലവില്‍ ഫീസ് ആനുകൂല്യം ലഭിക്കാത്തതുമായ വിദ്യാര്‍ത്ഥികളാണ് സ്‌കോളര്‍ഷിപ്പിന്റെ ഗുണഭോക്താക്കള്‍. ജെ.ഡി.സി വിഭാഗത്തില്‍ ഒരു കുട്ടിക്ക് 3000 രൂപയും എച്ച്.ഡി.സി & ബി.എം വിഭാഗത്തില്‍ ഒരു കുട്ടിക്ക് 4000 രൂപയുമാണ് സ്‌കോളര്‍ഷിപ് ലഭിക്കുന്നത്. എച്ച്.ഡി.സി & ബി.എം, ജെ.ഡി.സി വിഭാഗങ്ങളിലായി 707 വിദ്യാര്‍ത്ഥികളാണ് സ്‌കോളര്‍ഷിപ്പിന് നിലവില്‍ അര്‍ഹത നേടിയത്.

കുറവന്‍കോണം സഹകരണ പരിശീലന കോളജില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ രജിസ്ട്രാര്‍ സെക്രട്ടറി രാധാമണി, കൗണ്‍സിലര്‍ റിനോയ് ടി.പി, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷെരീഫ്, തിരുവനന്തപുരം സഹകരണ പരിശീലന കോളജ് പ്രിന്‍സിപ്പല്‍ പി.ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post

scroll to top