എസ്എസ്എൽസി: ഐ.ടി പരീക്ഷയ്ക്കുള്ള ഡെമോ സോഫ്റ്റ്‌വെയർ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി പൊതു പരീക്ഷയ്ക്കുള്ള പത്താമത്തെ പേപ്പറായ ഐ.ടി പ്രായോഗിക പരീക്ഷ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ഡെമോ സോഫ്റ്റ്‌വെയർ കൈറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എല്ലാ ഹൈസ്‌കൂളുകളുടേയും സമ്പൂർണ പോർട്ടലിലെ ലോഗിനിൽ സോഫ്റ്റ്‌വെയറും, യൂസർഗൈഡും, നിർദ്ദേശങ്ങളും, ലഭ്യമാണ്. വിദ്യാലയ മേധാവി സമ്പൂർണയിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്ത് സ്‌കൂൾ ലാബിലെ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്ത് കുട്ടികളെ പരിശീലിപ്പിക്കേണ്ടതാണെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു. ഐ.ടി പ്രായോഗിക പരീക്ഷയിൽ നാല് മേഖലകളിൽ നിന്നും കുട്ടിക്ക് ഇഷ്ടമുള്ള രണ്ട് മേഖലകൾ തെരഞ്ഞെടുക്കാം. ഇപ്രകാരം തെരഞ്ഞെടുക്കുന്ന രണ്ട് മേഖലകളിൽ നിന്ന് ദൃശ്യമാകുന്ന രണ്ട് ചോദ്യങ്ങളിൽ ഓരോന്ന് വീതമാണ് ചെയ്യേണ്ടത്. ഓരോ ചോദ്യത്തിനും 20 സ്‌കോർ വീതം 40 സ്‌കോറാണ് ലഭിക്കുക. ഡിസൈനിങ്‌, പ്രസിദ്ധീകരണം, പൈതൺ ഗ്രാഫിക്‌സ്, ചലന ചിത്രങ്ങൾ എന്നീ നാല് അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ള 12 പ്രവർത്തനങ്ങൾ അടങ്ങുന്ന ചോദ്യബാങ്കും, പരിശീലിക്കുന്നതിനുള്ള റിസോഴ്‌സുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്. കേൾവി പരിമിതിയുള്ള കുട്ടികളുടെ ഐ.ടി പരീക്ഷയ്ക്കുള്ള ചോദ്യശേഖരവും പ്രത്യേകമായി വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഫെബ്രുവരി രണ്ടാംവാരം ഐ.ടി പ്രായോഗിക പരീക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്തവിധവും ആത്മവിശ്വാസത്തോടെയും പരിശീലിക്കാനും പരീക്ഷയെഴുതാനും കഴിയുന്നവിധം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Share this post

scroll to top