ബിരുദ പഠനത്തിന് ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പ്: അപേക്ഷ ജനുവരി 31 വരെ

തിരുവനന്തപുരം: കേരള സംസ്ഥാന ഹയർ എജ്യുക്കേഷൻ കൗൺസിൽ ബിരുദം, ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് അപേക്ഷ സമർപ്പിക്കാം. സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ കേരളത്തിലെ ഏതെങ്കിലും ഗവൺമെന്റ്/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദ തല കോഴ്‌സിൽ പഠിക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകൾ ജനുവരി 31ന് മുമ്പായി www.kshec.kerala.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാം. എസ്.ടി., എസ്.സി., ഭിന്നശേഷി, ബി.പി.എൽ., ഒ.ബി.സി., പൊതുവിഭാഗം എന്നിവർക്ക്, പഠിച്ച സ്ട്രീമിൽ പ്ലസ് ടു തലത്തിൽ നിശ്ചിത ശതമാനം മാർക്ക് ലഭിച്ചിരിക്കണം. മൂന്നു വർഷത്തേക്കാണ് തുടക്കത്തിൽ സ്കോളർഷിപ്പ് അനുവദിക്കുക. ഈ കാലയളവിൽ പ്രതിവർഷം യഥാക്രമം 12,000 രൂപ, 18,000 രൂപ, 24,000 രൂപ വീതം വിദ്യാർത്ഥികൾക്ക് ലഭിക്കും. ബിരുദാനന്തര ബിരുദ പഠനത്തിന് തുടർന്ന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം യഥാക്രമം 40,000 രൂപ, 60,000 രൂപ വീതം രണ്ട് വർഷത്തേക്ക് കൂടി ലഭിക്കും. വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിശ്ചിതരേഖകൾ സഹിതം പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിക്ക് ഫെബ്രുവരി 8 നകം നൽകണം. വിശദ വിവരങ്ങൾക്ക് www.kshec.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share this post

scroll to top