
കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ബിരുദപ്രവേശനത്തിന് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി പ്രത്യേക അലോട്ട്മെന്റ്. ഒക്ടോബർ 23 വൈകീട്ട് നാലുവരെ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർക്കുമടക്കം എല്ലാ വിഭാഗം എസ്.സി./എസ്.ടി. അപേക്ഷകർക്കായി രണ്ടാം പ്രത്യേക അലോട്ട്മെന്റും നടത്തും. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ പിശകുമൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസടയ്ക്കാതെ പുതുതായി ഓപ്ഷൻ നൽകാം. നിലവിലുള്ള ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്സൈറ്റിലെ \’അക്കൗണ്ട് ക്രിയേഷൻ\’ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താണ് പുതുതായി ഓപ്ഷൻ നൽകേണ്ടത്. പുതിയ ആപ്ലിക്കേഷൻ നമ്പർ സൂക്ഷിച്ചുവയ്ക്കണം. അപേക്ഷയിലെ തെറ്റുകളും തിരുത്താം. എസ്.സി./എസ്.ടി.യിലെ മറ്റു വിഭാഗക്കാർക്ക് പുതുതായി ഫീസടച്ച് പ്രത്യേക അലോട്ട്മെന്റിൽ പങ്കെടുക്കാം. പ്രത്യേക അലോട്ട്മെന്റിൽ പങ്കെടുക്കുന്നവരെല്ലാം പുതുതായി ഓപ്ഷൻ നൽകണം. ഓപ്ഷൻ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. പ്രിന്റൗട്ട് സർവകലാശാലയിൽ നൽകേണ്ടതില്ല. വിവിധ കോളേജുകളിൽ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഒക്ടോബർ 28ന് പ്രത്യേക അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. മുൻ അലോട്ട്മെന്റുകളിലും മാനേജ്മെന്റ്, കമ്മ്യൂണിറ്റി മെറിറ്റ്, സ്പോർട്സ്, കൾച്ചറൽ, പി.ഡി. ക്വാട്ടയിലേക്ക് സ്ഥിരപ്രവേശനം നേടിയ എസ്.സി., എസ്.ടി. വിഭാഗക്കാർ പ്രത്യേക അലോട്ട്മെന്റിലൂടെ വീണ്ടും ഓപ്ഷൻ നൽകി അലോട്ട്മെന്റ് ലഭിച്ചാൽ പുതിയ അലോട്ട്മെന്റിലേക്ക് നിർബന്ധമായും മാറണം.
