വിഎച്ച്എസ്ഇ വെബിനാറിൽ പരിശീലകനായി പോക്‌സോ കേസ് പ്രതി: സംഭവം അന്വേഷിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: കുട്ടികളുടെ മാനസിക സംഘർഷം കുറക്കാനുള്ള വെബിനാറിൽ പരിശീകനായി പോക്‌സോ കേസ് പ്രതി എത്തിയത് അന്വേഷിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. റിസോഴ്സ് പേഴ്സണായി പങ്കെടുത്ത വ്യക്തി പോക്സോ കേസിൽ പ്രതിയാണെന്ന വിവരം അറിയില്ലായിരുന്നു എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇത്തരത്തിൽ ഒരു വ്യക്തി വെബിനാറിൽ പങ്കെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കും. ഇതിനായി പൊതു വിദ്യാഭ്യാസ ജോയിൻ്റ് ഡയറക്ടർ ഡോ.പി.പി.പ്രകാശിനെ ചുമതലപ്പെടുത്തി. റിസോഴ്സ് പേഴ്സണെ തെരഞ്ഞെടുക്കുന്നതിന് വകുപ്പ് തലത്തിൽ മാർഗ്ഗ നിർദ്ദേശം തയ്യാറാക്കുമെന്നും
പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.തിരുവനന്തപുരത്ത് 2 പോക്സോ കേസിൽ വിചാരണ നേരിടുന്ന ഡോ. കെ. ഗിരീഷിനെയാണ് വിഎച്ച്എസ്ഇ സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുപ്പിച്ചത്. കോവിഡ് കാലത്തെ കുട്ടികളുടെ മാനസിക സംഘർഷമെന്ന വിഷയത്തിൽ വൊ‌ക്കേഷണൽ ഹയർ സെക്കൻഡറിയുടെ കരിയർ‍ ഗൈഡൻസ് ആൻഡ് കൗണ്‍സിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിലായിരുന്നു 389 സ്കൂളുകളിലെ കരിയർ മാസ്റ്റർമാർക്കായുള്ള വെബിനാർ.

Share this post

scroll to top