പട്ടികജാതി വിദ്യാർത്ഥികൾക്കായി ഒരുങ്ങുന്നത് 500 പഠനമുറികൾ

പത്തനംത്തിട്ട: പട്ടികജാതി വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍  ജില്ലയില്‍ ഒരുങ്ങുന്നത്  500 പഠന മുറികള്‍. രണ്ടു ലക്ഷം രൂപ വീതം പട്ടികജാതി വികസന വകുപ്പ് അനുവദിക്കും. ജില്ലയിലെ ഒരു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ്, ടെക്‌നിക്കല്‍, സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണു ധനസഹായം.ഗ്രാമസഭകളിലെ ലിസ്റ്റാണ്  ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന്  പരിഗണിക്കുക. പട്ടികജാതി വകുപ്പില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിനു ധനസഹായം ലഭിക്കാത്തവര്‍ക്കാണ് അര്‍ഹത ഉണ്ടാകുക. ധനസഹായ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്യും.

പഠനത്തിനായി 120 ചതുരശ്രയടി മുറി നിര്‍മിച്ച് മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യണം. ചുവരുകള്‍ പ്ലാസ്റ്ററിങ് ചെയ്ത് പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഭിത്തി അലമാരയും സ്ഥാപിക്കണം. തറ ടൈലുകള്‍ പാകണം. വൈദ്യുതീകരിച്ച് ലൈറ്റ്, ഫാന്‍ എന്നിവ ഒരുക്കണം. പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് ധനസഹായ തുക നാലു ഗഡുക്കളായി വിതരണം ചെയ്യും. ആദ്യഘട്ടമായി അടിത്തറ നിര്‍മ്മാണത്തിന് 30,000 രൂപ, ഒരു വാതില്‍, രണ്ടു പാളികളുള്ള രണ്ടു ജനലുകള്‍ എന്നിവയുടെ കട്ടിളകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ രണ്ടാം ഘട്ടത്തില്‍ 60,000 രൂപയും,  മൂന്നാം ഘട്ടമായി കോണ്‍ക്രീറ്റിങ്, പ്ലാസ്റ്ററിങ്, ടൈലുകള്‍ പാകുന്നതിന് ഉള്‍പ്പെടെ ചെയ്യുന്നതിന് 80,000 രൂപയും നാലാം ഘട്ടമായി വാതില്‍, ജനല്‍, പുസ്തകം സൂക്ഷിക്കുന്നതിനുള്ള അലമാര എന്നിവ സ്ഥാപിക്കുന്നതിനും വൈദ്യുതീകരണത്തിനുമായി 30,000 രൂപ നല്‍കും. ഓരോ ഘട്ടത്തിലും നിര്‍മ്മാണം നടത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തും. 

Share this post

scroll to top