
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് (കെ.എ.എസ് -2020) പ്രിലിമിനറി പരീക്ഷയുടെ ഫലം ആഗസ്റ്റ് 26ന് പ്രസിദ്ധീകരിക്കും. മാറ്റിവെച്ച പരീക്ഷകള്‍ സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കാനും തീരുമാനമായി. 4 ലക്ഷത്തോളം പേരാണ് മൂന്ന് സ്ട്രീമുകളിലായി കെ.എ.എസ്. പരീക്ഷ എഴുതിയത്. മെയിൻ പരീക്ഷയ്ക്ക് ശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് പ്രിലിമിനറി പരീക്ഷയുടെ മാർക്ക് ചേർക്കില്ലെന്നും പി.എസ്.സി. അറിയിച്ചു

കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവെച്ച പരീക്ഷകൾ സെപ്റ്റംബർ മുതൽ നടത്തും. അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകൾ ഡിസംബർ മുതൽ ആരംഭിക്കും. നേരത്തെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നൽകിയിട്ടുണ്ട്. ഇതുവരെ നടത്തിയ പരീക്ഷകളുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പി. എസ്.സിയെ അപകീർത്തിപ്പെടുത്തുന്ന വിവരങ്ങളും വ്യാജവാർത്തകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉദ്യോഗാർത്ഥികളും ചട്ടവിരുദ്ധമായി ഇത്തരം പ്രചരണങ്ങളുടെ ഭാഗമാകുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെയും തെറ്റായ വാർത്തകൾ നൽകുന്നവർക്കെതിരെയും നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് പി. എസ്. സി അറിയിച്ചു. പി. എസ്. സിയിൽ ജോലി ലഭിക്കാനെന്ന പേരിൽ നിയമവിരുദ്ധമായി കമ്മീഷന്റെ പേര് ഒരു കരാറിൽ ഉൾക്കൊള്ളിച്ച സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.

0 Comments