
മലപ്പുറം: ഒരിടവേളക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ ഭിന്നശേഷി വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് ശീതികരിച്ച സ്മാർട്ട് ക്ലാസ്സ് മുറികൾ. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്പെക്ട്രം സ്പെഷ്യൽ സ്കൂളിലാണ് ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി ശീതീകരിച്ച സ്മാർട്ട് ക്ലാസ്സ് മുറികൾ ഒരുക്കിയത്. സ്‌കൂളിലെ മുഴുവന്‍ ക്ലാസ്മുറികളും ശീതികരിച്ച് പദ്ധതി വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനത്തെ ഏക തദ്ദേശ സ്വയംഭരണ സ്ഥാപനമായി മാറുകയാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്. 2020 -21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 14 ലക്ഷം രൂപ ചെലവഴിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ഭിന്നശേഷി സൗഹൃദമായി ഒരുക്കിയിരിക്കുന്ന ക്ലാസ്മുറികളില്‍ പ്രൊജക്ടറിന്റെ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാം. അധ്യാപകര്‍ക്ക് ക്ലാസെടുക്കാനുള്ള മൈക്ക്, ലാപ്ടോപ് തുടങ്ങി ഏറെ സവിശേഷതകളുള്ള ഭൗതിക സാഹചര്യങ്ങളാണ് ഈ പൊതു വിദ്യാലയത്തില്‍ ഒരുക്കിയിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്കായി ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി തുടങ്ങിയ സൗകര്യങ്ങള്‍ നിലവിലുണ്ട്. കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ വാഹന സൗകര്യവുമുണ്ട്.
0 Comments