തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകൾ ഇനി ഗോത്ര ഭാഷകളിൽ ലഭ്യമാകും. ഗോത്ര പരിഭാഷ പഠന പരിശീലനത്തിന് സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് തുടക്കമായി. മന്ത്രി സി. രവീന്ദ്രനാഥ് ഗോത്രഭാഷാ ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദിവാസി ഗോത്ര സമൂഹത്തിലെ കുട്ടികള്‍ക്ക് അവരവരുടെ മാതൃഭാഷകളില്‍ തന്നെ ഓണ്‍ലൈനായി ക്ലാസുകള്‍ ലഭ്യമായിതുടങ്ങും. സമഗ്രശിക്ഷായുടെ യൂ ട്യൂബ് ചാനലായ വൈറ്റ് ബോര്‍ഡിലൂടെയാകും വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രധാന ഗോത്ര സമൂഹങ്ങളിലുള്‍പ്പെട്ട കുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭ്യമാകുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ സംസ്ഥാനത്ത് ആരംഭിച്ചപ്പോള്‍ തന്നെ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഗോത്ര ഭാഷകളിലെ പരിഭാഷാ പരിശീലന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ പുനരാവിഷ്കരണം പത്തോളം വരുന്ന പ്രധാന ഗോത്രഭാഷകളിലൂടെയാണ് സമഗ്രശിക്ഷയുടെ ചാനലില്‍ ലഭ്യമാക്കുന്നത്
.
യൂട്യൂബില്‍ നിന്ന് ക്ലാസുകള്‍ ശേഖരിച്ച് മെന്‍റര്‍ ടീച്ചര്‍മാര്‍ കുട്ടികള്‍ക്ക് പഠന പിന്തുണാ പരിശീലനമൊരുക്കും. ഊരുകളില്‍ നിന്ന് ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ യുവതീ യുവാക്കളെ പരിശീലിപ്പിച്ച് മെന്‍റര്‍ ടീച്ചര്‍മാരായി നിയമിക്കുകയും വ്യത്യസ്ത ഗോത്ര ഭാഷകളിലൂടെ പ്രാഥമിക വിദ്യാഭ്യാസം അവര്‍ക്കനുകൂലമായി മാറ്റുന്നതിനുള്ള പദ്ധതിയായാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലക്ഷ്യം വയ്ക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു.കെ ഐഎഎസ്, സമഗ്രശിക്ഷാ ഡയറക്ടര്‍ ഡോ. എ.പി.കുട്ടികൃഷ്ണന്‍, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ. പ്രസാദ്, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍മാരായ കെ.ജെ. ഹരികുമാര്‍, സിന്ധു.എസ്.എസ് തുടങ്ങിയവര്‍ സന്നിഹിതരായി.
0 Comments