തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്നു നൽകാൻ കൈറ്റ് വിക്ടേഴ്‌സ് ചാനലിന്റെ ഓൺലൈൻ ക്ലാസുകൾക്ക് കഴിഞ്ഞെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ. കൈറ്റ് വിക്ടേഴ്‌സ് ചാനൽ സന്ദർശിച്ച് ഓൺലൈൻ ക്ലാസ് ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവിലെ ഓൺലൈൻ ക്ലാസ് സംവിധാനം വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കും.
ഓൺലൈൻ ക്ലാസ് പരിഷ്ക്കരണത്തിലൂടെ ഡിജിറ്റൽ ലോകത്തേക്ക് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് കടന്നുവരാനായി. ഓണ്‍ലൈനിലൂടെ പഠനം നടത്താനുള്ള ശ്രമം പുതിയ അനുഭവമാണ് കുട്ടികള്‍ക്കുണ്ടാക്കുന്നത്. അത് വലിയ തുടക്കമാണ്. ഡിജിറ്റല്‍ മേഖലയില്‍ കേരളത്തില്‍ വലിയ സാധ്യതകള്‍ തുറക്കുകയാണെന്നും സ്‌പീക്കർ ചൂണ്ടിക്കാട്ടി.

വിക്‌ടേഴ്‌സ് ചാനൽ ‘ഫസ്റ്റ്ബെല്‍’ ക്ലാസുകളുടെ പ്രവർത്തനങ്ങൾ സ്‌പീക്കർ നേരില്‍ കണ്ടു.
ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന അധ്യാപകരുമായും സാങ്കേതിക പ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തി. കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത്, കരിക്കുലം കമ്മിറ്റി അംഗം കെ.സി. ഹരികൃഷ്ണന്‍, സീനിയര്‍ കണ്ടന്റ് എഡിറ്റര്‍ കെ. മനോജ് കുമാര്‍ തുടങ്ങിയവരുമായി സ്‌പീക്കർ ആശയങ്ങൾ പങ്കുവച്ചു.
0 Comments