ഇന്ന് പോളിടെക്‌നിക് പരീക്ഷ എഴുതിയത് 54453 വിദ്യാർഥികൾ: സപ്ലിമെന്ററി പരീക്ഷകൾ അടുത്തയാഴ്ച

Jun 8, 2020 at 4:37 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്‌നിക്ക് കോളേജുകളിൽ ഡിപ്ലോമ പരീക്ഷകൾ ആരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിൽ കേരളത്തിലെ 89 കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒരു കേന്ദ്രത്തിലുമാണ് പരീക്ഷ ആരംഭിച്ചത്. അടുത്തയാഴ്ച സപ്ലിമെന്ററി പരീക്ഷകളും നടക്കും. 54453 വിദ്യാർഥികൾ പരീക്ഷയെഴുതി.
കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നത്. കുട്ടികൾക്ക് അവരുടെ വാസസ്ഥലത്തിനു സമീപം പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുവാൻ അവസരം നൽകിയിരുന്നു. 18637 വിദ്യാർഥികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തി. ലക്ഷദ്വീപിലെ കേന്ദ്രത്തിൽ അൻപത് വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തിലെ വിവിധ പോളിടെക്‌നിക്ക് കോളേജുകളിൽ പഠിക്കുന്ന ലക്ഷദ്വീപ് നിവാസികളായ കുട്ടികൾക്കുവേണ്ടിയാണ് അവിടെ പരീക്ഷാകേന്ദ്രമൊരുക്കിയത്. ചോദ്യപേപ്പറുകൾ ഓൺലൈനായാണ് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചത്.
അഗ്നിരക്ഷാസേന പരീക്ഷാകേന്ദ്രങ്ങൾ അണുവിമുക്തമാക്കി. പരീക്ഷയ്ക്ക് ആരോഗ്യവകുപ്പിന്റേയും പോലീസിന്റേയും മേൽനോട്ടവുമുണ്ട്. അതത് പ്രാദേശിക ഭരണകൂടങ്ങളും സഹായവുമായി രംഗത്തുണ്ട്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ തെർമൽ സ്‌കാനർ ഉപയോഗിച്ച് താപനില പരിശോധിച്ചാണ് കുട്ടികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.
ഹാൻഡ് വാഷ്, സാനിറ്റൈസർ സൗകര്യവും കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഓരോ പരീക്ഷയ്ക്കുശേഷവും ക്ലാസ്മുറികളും ഫർണിച്ചറുകളും അണുവിമുക്തമാക്കി. ക്വാറന്റീൻ കേന്ദ്രങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രത്യേക ക്ലാസ്മുറികൾ എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. പനിയോ മറ്റ് അനുബന്ധ ലക്ഷണമോ ഉള്ള വിദ്യാർഥികൾക്കും പ്രത്യേകം ഹാളിലാണ് പരീക്ഷ ഒരുക്കുന്നത്.

Follow us on

Related News