ഓൺലൈൻ പഠനത്തിനുള്ള ടിവിയുമായി ടോവിനോ: രഞ്ജുവും കൂട്ടരും ഡബിൾ ഹാപ്പി

തൃശൂര്‍: ഓൺലൈൻ പഠനത്തിന് ഒരു ടിവി ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹമേ വരന്തരപ്പിള്ളി എച്ചിപ്പാറ കോളനിയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ രഞ്ജുവിന് ഉണ്ടായിരുന്നുള്ളു. ടിവിയുമായി സാക്ഷാൽ ടോവിനോ വീട്ടിൽ എത്തുമെന്ന് ഒരിക്കലും കരുതിയില്ല. വീട്ടിലെ കേടായി കിടക്കുന്ന ടിവി നേരെയാക്കാന്‍ പണമില്ലാത്തതിനാൽ വീട്ടിൽ ഇരുന്ന് പഠനം നടത്താൻ കഴിഞ്ഞിരുന്നില്ല. ലോക്ഡൗണ്‍ ആയതോടെ രഞ്ജുവിന്റെ അച്ഛനും അമ്മയ്ക്കും കൂലിപണിയും ഇല്ലായിരുന്നു. സാമ്പത്തിക പരധീനതയെ തുടർന്ന് ഒരുമൊബൈൽ പോലും വാങ്ങാൻ പറ്റാതായതോടെ ട്രൈബല്‍ സ്കൂളിലെ പാചകത്തൊഴിലാളിയുടെ വീട്ടില്‍ പോയി ടെലിവിഷന്‍ കണ്ടാണ് ക്ലാസില്‍ പങ്കെടുത്തത്. ഒരു ടിവി ഉണ്ടായിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചുപോയ ദിനങ്ങൾ. ഇന്ന് ആ ആഗ്രഹം നിറവേറ്റാൻ രഞ്ജുവിന്റെ വീട്ടിലേക്ക് നടന്‍ ടൊവിനോ തോമസ് നേരിട്ടെത്തി.
ടി.എന്‍.പ്രതാപന്‍ എം.പിയുടെ അതിജീവനം എഡ്യുകെയര്‍ പദ്ധതിയിലൂടെ രഞ്ജുവിന് ഒരു എൽഇഡി ടിവി സമ്മാനിക്കാൻ. രഞ്ജുവിന്റെ സങ്കടം തിരിച്ചറിഞ്ഞ ടി.എന്‍.പ്രതാപന്‍ എം.പിയാണ് ഇക്കാര്യം ടൊവിനോയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വെള്ളിത്തിരയിലെ സൂപ്പര്‍താരം വീട്ടില്‍ നേരിട്ടെത്തി ടെലിവിഷന്‍ നല്‍കിയതോടെ രഞ്ജുവിന്റെ സങ്കടം എല്ലാം മാറി. മറ്റുവീടുകളില്‍ പോകാതെ സ്വന്തം വീട്ടിലിരുന്ന് അനിയത്തിയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം രഞ്ജു ഇനി ക്ലാസില്‍ പങ്കെടുക്കും. ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് നല്‍കാനായി പത്തു ടെലിവിഷനുകള്‍ ടൊവിനോ ടി. എൻ. പ്രതാപൻ എം.പിക്ക് കൈമാറി. നടി മഞ്ജു വാര്യര്‍ അഞ്ചു ടെലിവിഷനുകൾ പദ്ധതിക്കായി കൈമാറിയിട്ടുണ്ട്. നടൻ ബിജുമേനോനും ഭാര്യ സംയുക്ത വര്‍മയും എം.പിയുടെ പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്.

Share this post

scroll to top