ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സൗകര്യമില്ലാത്ത മലപ്പുറത്തെ വിദ്യാർത്ഥികൾക്ക് സമീപത്തെ സ്‌കൂളുകളില്‍ സംവിധാനമൊരുങ്ങി

മലപ്പുറം: ‘ഫസ്റ്റ്ബെല്‍’ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് വീടുകളില്‍ മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ സൗകര്യങ്ങളില്ലാത്തവര്‍ക്ക് തൊട്ടടുത്ത എല്‍.പി സ്‌കൂളുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഡിഡിഇ കെ.എസ് കുസുമം. സ്‌കൂളുകള്‍ക്ക് പുറമെ പ്രാദേശിക ലൈബ്രററികളിലും ആവശ്യമെങ്കില്‍ സൗകര്യമൊരുക്കാനാണ് തീരുമാനം. സ്‌കൂളുകളിലുള്ള ലാപ്‌ടോപ്പ്, ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെ സഹായത്തോടെയാകും വിദ്യാര്‍ഥികള്‍ക്ക് പഠനം സാധ്യമാക്കുക. വീടുകളില്‍ സൗകര്യമില്ലാത്തവരെ കണ്ടെത്തുന്നതിനും സൗകര്യമൊരുക്കി നല്‍കുന്നതിനുമായി അധ്യാപകരുടെയും അതത് തദ്ദേശ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് പ്രവര്‍ത്തങ്ങള്‍ ഏകോപ്പിക്കുന്നത്.
സൗകര്യങ്ങള്‍ ലഭ്യമല്ല എന്നത് സംബന്ധിച്ച വിവരം അതത് സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ തൊട്ടടുത്ത എല്‍.പി സ്‌കൂള്‍ അധികൃത വിവരമറിയിക്കുന്ന മുറയ്ക്കാണ് സൗകര്യം ലഭ്യമാക്കുക. എന്നാല്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലെ കുട്ടികള്‍ വീടുകളില്‍ സൗകര്യമില്ലെന്ന കാരണത്താല്‍ സ്‌കൂളുകളിലെത്താന്‍ പാടുള്ളതല്ല. ഇവര്‍ക്ക് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരുടെ സഹായത്തോടെ വീടുകളില്‍ നേരിട്ടെത്തി ലാപ് ടോപ്പിന്റെ സഹായത്തോടെ ക്ലാസുകള്‍ കാണിക്കാനാണ് തീരുമാനം.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് അതത് സ്‌കൂളുകളിലെ വിദ്യാര്‍ഥികളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രധാനാധ്യാപകരില്‍ നി?ന്ന് നാളെ ശേഖരിക്കുമെന്ന് ഡി.ഡി.ഇ പറഞ്ഞു. കൂടാതെ ഇതു വരെയുള്ള ക്ലാസുകള്‍ സംബന്ധിച്ചും പ്രധാനാധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്നാകും വരും ദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുക.
ആദിവാസി വിദ്യാര്‍ഥികള്‍ക്കായി സാമൂഹിക പഠനമുറികള്‍ ഒരുക്കിയിട്ടുണ്ട്. നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രത്യേകം ഒരുക്കിയ സാമൂഹിക പഠന മുറികളിലൂടെയാണ് അവര്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചത്. ഏഴ് പട്ടിക വര്‍ഗ കോളനികളിലെ സാമൂഹിക പഠനമുറികളിലാണ് ഐ.ടി.ഡി.പിയുടെ നേതൃത്വത്തില്‍ ടി.വിയും കേബിള്‍ കണക്ഷനും സജ്ജമാക്കിയിരിക്കുന്നത്. ചോക്കാട് 40 സെന്റ് കോളനി, അമരമ്പലം പാട്ടക്കരിമ്പ് കോളനി, കരുളായി നെടുങ്കയം കോളനി, ചാലിയാര്‍ പെരുവമ്പാടം കോളനി, ചുങ്കത്തറ പള്ളിക്കുത്ത് കോളനി, എടക്കര മലച്ചി കോളനി, പോത്തുകല്ല് അപ്പന്‍കാപ്പ് കോളനി എന്നിവിടങ്ങളിലായി പണിയ കാട്ടുനായ്ക്കര്‍ വിഭാഗത്തിലെ 300ഓളം കുട്ടികളാണ് ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈനിലൂടെ പഠനം തുടങ്ങിയിരിക്കുന്നത്. ജില്ലയിലെ വിവിധ സര്‍ക്കാര്‍- എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളാണിവര്‍. നിലമ്പൂര്‍ മേഖലയിലെ എല്ലാ കോളനികളിലും ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ വ്യാപിപ്പിക്കാനുള്ള നടപടികള്‍ ഐ.ടി.ഡി.പിയുടെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്.

Share this post

scroll to top