വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികളെ തുടർപഠനത്തിന് സജ്ജരാക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ ക്ലാസുകൾ. എന്നാൽ ഓൺലൈൻ പഠനം സമ്പൂർണ്ണമല്ല. ഓരോ ക്ലാസിനും പ്രത്യേകം സമയം ക്രമീകരിച്ചിട്ടുണ്ട്. ഈ ക്ലാസുകൾ വിദ്യാർത്ഥികളിൽ എത്തുന്നുണ്ടെന്ന് അതത് ക്ലാസ് അധ്യാപകർ ഉറപ്പുവരുത്തും. എല്ലാ കുട്ടികൾക്കും ക്ലാസിൽ പങ്കെടുക്കാൻ സൗകര്യം ഏർപ്പെടുത്തുണ്ട്.
അധ്യയനത്തിന്റെയും അധ്യാപനത്തിന്റെയും നവ മാതൃക വിജയമാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. കുറച്ചുകാലം നാം കൊറോണ വൈറസിനൊപ്പം സഞ്ചരിക്കേണ്ടിവരും. അത് കണക്കിലെടുത്ത് നിത്യജീവിതത്തിലെ അടുത്തിടപഴകലും കൂടിച്ചേരലും വേണ്ടന്ന് വയ്ക്കണം. സ്കൂളുകളിൽ സാധാരണ നിലയിലുള്ള ക്ലാസുകൾ ആരംഭിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അഭികാമ്യമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Share this post

scroll to top