സ്കൂൾ പരീക്ഷകൾക്ക് നാളെ തുടക്കം: പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമായി

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ പുനരാരംഭിക്കുന്ന സ്കൂൾ പരീക്ഷകൾക്കായുള്ള ക്രമീകരങ്ങൾ അവസാന ഘട്ടത്തിൽ. എസ്എസ്എൽസി, വിഎച്ച്എസ്ഇ പരീക്ഷകളാണ് നാളെ ആരംഭിക്കുന്നത്. ഹയർ സെക്കൻഡറി പരീക്ഷകൾ ബുധനാഴ്ച്ച മുതലാണ് പുനരാരംഭിക്കുന്നത്. 13 ലക്ഷം വിദ്യാർത്ഥികളാണ് കർശന സുരക്ഷാ സംവിധാനത്തിൽ പരീക്ഷാ ഹാളുകളിലേക്ക് എത്തുന്നത്. പരീക്ഷകൾ പുനരാരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ പരീക്ഷാ കേന്ദ്രങ്ങളിൽ അവസാനവട്ട ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. പരീക്ഷാ കേന്ദ്രങ്ങൾ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ശുചീകരിച്ച് അണുവിമുക്തമാക്കി കഴിഞ്ഞു.

നേരത്തെ തയ്യാറാക്കിയ മൈക്രോ പ്ലാൻ അനുസരിച്ചാണ് ക്രമീകരണങ്ങൾ. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് തന്നെ മാസ്ക് ധരിക്കണം. സ്കൂളിൽ കയറുന്നതിനു മുൻപായി അവിടെ സജ്ജീകരിച്ചിരിക്കുന്ന സംവിധാനം ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കണം. ഇതിനു ശേഷം പരീക്ഷാ ഹാളിൽ കയറുന്നതിന് മുൻപായി തെർമൽ സ്കാനിങ്ങിനു വിധേയരാകണം. തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധനക്കായി ഓരോ പരീക്ഷാ കേന്ദ്രങ്ങളിലും 2 ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഉണ്ടാകും. പരിശോധന കഴിഞ്ഞു ഹാളിൽ കയറുന്ന വിദ്യാർത്ഥികൾ പരസപരം ഒരു സാധനവും കൈമാറാൻ പാടില്ല. സാമൂഹിക അകലം പാലിക്കുന്നതിനായി പരീക്ഷാ കേന്ദ്രത്തിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം സീറ്റുകള്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് . ഒരു ബഞ്ചിൽ രണ്ടുപേർ പ്രകാരം ഒരു ക്ലാസ് മുറിയിൽ പരമാവധി 20 പേരെയാണ് ഇരുത്തുക. പരീക്ഷ കഴിഞ്ഞു വീടുകളിൽ എത്തിയാൽ കുളി കഴിഞ്ഞ ശേഷമേ വീട്ടിൽ ഉള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ പാടു എന്നും നിർദേശമുണ്ട്.

Share this post

scroll to top