വിദ്യാർത്ഥികൾക്കുള്ള മാസ്‌ക്കുകൾ നേരിട്ട് വീടുകളിൽ എത്തിച്ചു തുടങ്ങി : ഒപ്പം ലഘുലേഖയും

May 24, 2020 at 6:40 pm

Follow us on

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ മാസ്കുകളും ആരോഗ്യ സുരക്ഷാ ലഘുലേഖകളും എത്തിച്ചു തുടങ്ങി. ഓരോ വിദ്യാർത്ഥികൾക്കും ആവശ്യമായ മാസ്‌ക്കുകൾക്ക് പുറമെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പരീക്ഷാ മാർഗനിർദ്ദേശങ്ങളടങ്ങിയ ലഖുലേഖയും വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിച്ചു നൽകുകയാണ്. ഇതിനോടകം പത്തുലക്ഷത്തോളം കുട്ടികൾക്ക് ഇവ വിതരണം ചെയ്തതായി അധികൃതർ പറഞ്ഞു. നാളെ വൈകിട്ടോടെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇവ വിതരണം ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നത്. പരീക്ഷാ കേന്ദ്രത്തിലെത്തുന്നവർ വീട്ടിൽ നിന്നു തന്നെ മാസ്ക് ധരിച്ച് പോകുന്നതിനായാണ് ഇവ നേരിട്ട് വീടുകളിൽ എത്തിച്ചു നൽകുന്നത്.

\"\"

സംസ്ഥാനത്തെ ആയിരക്കണക്കിന് അധ്യാപകരും, രക്ഷിതാക്കളും സന്നദ്ധ പ്രവർത്തകരും നിർമ്മിച്ച മാസ്കുകൾ ജനപ്രതിനിധികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും, ആശാ വർക്കർമാരുടെയും, കോവിഡ് പ്രതിരോധ വാർഡ്തല സമിതിയുടേയും മറ്റ് വളണ്ടിയർമാരുടെയും സഹകരണത്തോടെയാണ് വിതരണം ചെയ്യുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷയും ചേർന്ന് പ്രസിദ്ധീകരിച്ച കോവിഡ് പ്രതിരോധ മാർഗരേഖയും മാസ്കിനോടൊപ്പം കുട്ടികൾക്ക് നൽകി വരുന്നുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓരോ കുട്ടിയും അനുവർത്തിക്കേണ്ട മുൻകരുതലുകളും, പരീക്ഷാകേന്ദ്രത്തിൽ പാലിക്കേണ്ട ചിട്ടകളും ഈ മാർഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്. എസ്എസ് കെ, പ്രോജക്ട് ഡയറക്ടർ മുതൽ സി.ആർ സി കോ-ഓർഡിനേറ്റർമാർ വരെയുള്ള എല്ലാവരും അതാതു തലങ്ങളിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നുണ്ട്‌. പരീക്ഷാ കേന്ദ്രങ്ങളിൽ എല്ലാ ദിവസങ്ങളിലും എസ്.എസ്.കെ.യുടെ പ്രവർത്തകരെ സന്നദ്ധ പ്രവർത്തനത്തിന് നിയോഗിക്കും. കുട്ടികൾ മാസ്ക് മറന്നു പോയിട്ടുണ്ടെങ്കിൽ അത് നൽകാനും, ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും, സാനിറ്റൈസർ സോപ്പ് എന്നിവയുടെ വിതരണത്തിനു, തെർമൽ സ്കാനിംഗ് നടത്തുന്നതിനും ഇവർ സ്കൂളധികൃതരെ സഹായിക്കും. പരീക്ഷാ ചീഫ് സുപ്രണ്ട്, ഡപ്യൂട്ടി ചീഫ് സുപ്രണ്ട്, ഇൻവിജിലേറ്റർമാർ എന്നിവർക്ക് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നൽകുന്ന ഓൺലൈൻ ക്ലാസ് ഒരുക്കുന്നതിനും സമഗ്ര ശിക്ഷ നേതൃത്വം നൽകും.സംസ്ഥാനതലം മുതൽ സി.ആർ.സിതലം വരെ വിവിധ യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ട്.

Follow us on

Related News