ജെ.ഇ.ഇ (മെയിന്‍) പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം: 24 വരെ അപേക്ഷിക്കാം

May 19, 2020 at 5:13 pm

Follow us on

ന്യൂഡല്‍ഹി: ജെഇഇ (ജോയിന്റ് എൻട്രസ് എക്സാമിനേഷൻ) മെയിൻ പരീക്ഷ രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചു
ലോക് ഡൗണിനെ തുടർന്ന് വിവിധ കാരണങ്ങളാൽ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവർക്കായാണ് ഒരു അവസരം കൂടി നൽകുന്നത്. അപേക്ഷാഫോമുകള്‍ ഇന്നു മുതല്‍ മെയ് 24 വരെ ലഭിക്കും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പരീക്ഷയില്‍ പങ്കെടുക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികൾ സമീപിച്ചിട്ടുണ്ട്. ഇതിന്റ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പറഞ്ഞു. പരീക്ഷയുടെ രജിസ്‌ട്രേഷൻ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തതോ ആയ മറ്റു വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്.
കോവിഡ്-19 സാഹചര്യം മൂലം അത്തരം വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ടാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ) അവര്‍ക്ക് 2020 ജെ.ഇ.ഇ (മെയിന്‍) പരീക്ഷയ്ക്കായി പുതുതായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനോ ഒരു അവസരം (അവസാനത്തെ) കൂടി നല്‍കുന്നത്.
ഓണ്‍ലൈന്‍ അപേക്ഷാഫോം പൂര്‍ത്തിയാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇന്ന് മുതല്‍ മെയ്‌ 24 വരെ മാത്രമാണ്. അപേക്ഷ jeemain.nta.nic.in വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷാഫാറം പൂര്‍ത്തിയാക്കുന്നത് വൈകിട്ട് 5 മണിവരെയും ഫീസ് അടയ്ക്കുന്നത് രാത്രി 11.50 വരെയും മാത്രം അനുവദിക്കും.
ആവശ്യമുള്ള ഫീസ് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍/ നെറ്റ് ബാങ്കിംഗ്/യു.പി.ഐ, പേടിഎം എന്നിവയിലൂടെ അടയ്ക്കാം.
കൂടുതല്‍ വിശദാംശങ്ങള്‍ക്കായി അപേക്ഷാര്‍ത്ഥികള്‍ക്ക് jeemain.nta.nic.in -വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ നോക്കാവുന്നതാണ്.
അപേക്ഷാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വ്യക്തതയ്ക്കായി 8287471852, 8178359845, 9650173668, 9599676953, 8882356803 എന്നീ നമ്പരുകളിലോ അല്ലെങ്കില്‍-jeemain@nta.ac.in ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

Follow us on

Related News