തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. പ്രവേശനത്തിന് കുട്ടികളെ കൊണ്ടുവരേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമുണ്ട്. എന്നാൽ ചിലയിടങ്ങളിൽ രക്ഷിതാക്കൾ കുട്ടികളുമായി എത്തുന്നുണ്ട്. ഇത് ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നിലവിൽ ടിസി വാങ്ങാതെയാണ് അഡ്മിഷൻ നടത്തുന്നത്. ഓരോ ക്ലാസിലെയും പ്രൊമോഷൻ ലിസ്റ്റ് വന്നശേഷം പഴയ സ്കൂളിൽ നിന്ന് ടിസി വാങ്ങി പുതിയതായി പ്രവേശനം നേടിയ സ്കൂളിൽ ഹാജരാക്കണം. ലോക്ക്ഡൗൺ ഈ മാസം 31വരെ നീട്ടിയ സാഹചര്യത്തിലാണ് പ്രവേശനത്തിന് കുട്ടികൾ വേണ്ട എന്ന നിർദേശം വന്നത്.

സാമൂഹിക അകലം പാലിച്ചു മാത്രമേ അഡ്മിഷനായി രക്ഷിതാക്കൾ സ്കൂളിൽ എത്താവു. അധ്യാപകർ സാമൂഹിക അകലം പാലിക്കാതെ അഡ്മിഷൻ പ്രവർത്തങ്ങൾ നടത്തുവാൻ പാടില്ല. പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേരുന്ന മുഴുവൻ കുട്ടികൾക്കും അഡ്മിഷൻ ലഭിക്കുന്നതിനുള്ള ക്രമീകരങ്ങൾ ഒരിക്കിയിട്ടുള്ളതിനാൽ രക്ഷകർത്താക്കൾ തിരക്കുകൂട്ടേണ്ടതില്ല എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
നേരിട്ട് എത്താൻ കഴിയാത്തവർക്ക് ഓൺലൈൻ അഡ്മിഷനായി പുതിയ സംവിധാനം തയാറാക്കും.
0 Comments