ലാലി ടീച്ചറുടെ ഹൃദയം ലീന ഏറ്റുവാങ്ങി: ശസ്ത്രക്രിയ വിജയകരം

കൊച്ചി: അധ്യാപക സമൂഹത്തിനും കേരളത്തിനും നൊമ്പരമാകുമ്പോഴും ലാലി ടീച്ചറുടെ ജീവൻ തുടിക്കുന്നുണ്ട്…ലീനയിലൂടെ…ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോതമംഗലം സ്വദേശിനി ലീന ഷിബുവിന്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. അല്‍പം മുമ്പാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്.

ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ എന്ന ലാലി ടീച്ചറുടെ അഞ്ച് അവയവങ്ങളാണ് മറ്റുള്ളവർക്ക് പുതുജീവൻ പകർന്നത്. തിരുവനന്തപുരം പൗണ്ട്കടവ് ജിഎച്ച് ഡബ്ലിയുഎൽപി സ്കൂൾ അധ്യാപികയായ ലാലി ടീച്ചർക്ക് അന്യൂറിസം ബാധിച്ച് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരായതോടെയാണ് ടീച്ചറുടെ ഹൃദയം, രണ്ടു വൃക്കകള്‍, രണ്ടു കണ്ണുകള്‍ എന്നിവ മറ്റുള്ളവര്‍ക്കായി നല്‍കിയത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും മറ്റൊന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും കൈമാറി. കോര്‍ണിയ ഗവ. കണ്ണാശുപത്രിയിലെ രോഗിക്കും നൽകി. ലാലി ടീച്ചറുടെ ഹൃദയത്തുടിപ്പുകൾ ഏറ്റുവാങ്ങിയത് എറണാകുളം കോതമംഗലം സ്വദേശി ലീനയാണ്.

വാൽവുകളിലെ തകരാറിനെ തുടർന്ന് ജീവൻ രക്ഷിക്കാൻ ഹൃദയമാറ്റം ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ വിധിയെഴുതിയ ലീന എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിൻ്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.

സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ എയർ ആംബുലൻസാക്കിയായിരുന്നു ജീവൻ രക്ഷാ ദൗത്യം. പ്രത്യേക പെട്ടിയിൽ സൂക്ഷിച്ച ഹൃദയവും, ഡോക്ടർമാരുടെ സംഘവുമായി ഉച്ചയ്ക്ക് 2.35 നാണ് ആംബുലൻസ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് വിമാനത്താവളത്തിലേക്ക് തിരിച്ചത്. ഇവിടെ നിന്ന് ഹൃദയവും വഹിച്ചുള്ള ഹെലികോപ്റ്റർ 3.50 ന് ബോൾഗാട്ടി ഹയാത്ത് ഹെലിപ്പാഡിലെത്തി. തുടർന്ന് അതിവേഗം ആശുപത്രിയിലെത്തിച്ചു. ലാലിയുടെ ഹൃദയം കൃത്യം 6.12 ന് ലീനയിൽ മിടിച്ചു തുടങ്ങി. 

തിരുവനന്തപുരം, എറണാകുളം ജില്ലാ ഭരണകൂടങ്ങൾ, പോലീസ്, ട്രാഫിക് എന്നിവയുടെ ഏകോപനത്തിലൂടെയാണ് വളരെ വേഗം ഹൃദയം കൊച്ചിയിലെത്തിക്കാനായത്. കൊച്ചി സിറ്റി പോലീസ് ഹയാത്ത് മുതൽ ലിസി വരെ ആംബുലൻസിനായി തടസ്സങ്ങളില്ലാതെ ഗ്രീൻ കൊറിഡോർ ഒരുക്കിയിരുന്നു. മരണാനന്തര അവയവദാന പദ്ധതിയായ മൃത സഞ്ജീവനി വഴിയാണ് നടപടികൾ പൂർത്തിയായത്.

Share this post

scroll to top