പുതിയ അധ്യയനവർഷം ആരംഭിക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങണം: നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: മെയ് 21 മുതൽ 29 വരെ നടക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കും അതിനു ശേഷം ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിനുമായി സ്കൂളുകൾക്ക് ഒരുങ്ങാൻ കടമ്പകൾ ഏറെ. ശേഷിക്കുന്ന പരീക്ഷകൾക്ക് സ്കൂളുകൾ സജ്ജമാകാനും പുതിയ അധ്യയന വർഷത്തിനുമായി സംസ്ഥാനത്തെ ഓരോ സ്കൂളുകളും ഒരുങ്ങേണ്ടതുണ്ട്. പരീക്ഷകൾ പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിച്ച് പ്രവേശന നടപടികളും ആരംഭിക്കണം. കൊറോണ വ്യാപനത്തിന് ശേഷം കർശന സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കി മാത്രമേ വിദ്യാർത്ഥികളെ സ്കൂളുകളിൽ എത്തിക്കാവൂ എന്നാണ് നിർദ്ദേശം. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപായി സ്കൂളുകളിൽ ഒരുക്കേണ്ട കാര്യങ്ങളെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സ്കൂൾ കെട്ടിടങ്ങളുടെ വാർഷിക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണം. കെട്ടിടങ്ങൾ ചായം പൂശി ആകർഷകമാക്കണം.
കെട്ടിടങ്ങളുടെ ഉറപ്പ് മാത്രമല്ല മറിച്ച് എല്ലാ അർത്ഥത്തിലും വിദ്യാലയം കുട്ടികൾക്ക് സുരക്ഷിതമായ സ്ഥലമായിരിക്കണം. സ്കൂൾ കെട്ടിടങ്ങൾ, ശുചിമുറികൾ, ഫർണിച്ചറുകൾ, പരിസരങ്ങൾ എന്നിവ വൃത്തിയാക്കുകയും കഴുകി ആണുനശീകരണം നടത്തുകയും ചെയ്യണം. ശുചിമുറികൾ അടക്കുള്ളവയിൽ ജലലഭ്യത ഉറപ്പാക്കുകയും സോപ്പ് സാനിറ്റൈസർ എന്നിവ ലഭ്യമാക്കുകയും ചെയ്യണം. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികൾ ഉണ്ടാകണം. ഇല്ലെങ്കിൽ അവ നിർമിക്കണം. ശുചിമുറികൾക്ക് അടച്ചുറപ്പുള്ള വാതിൽ, സുരക്ഷിതമായ വഴികൾ എന്നിവ ഉണ്ടാകണം. ഭിന്നശേഷി പെൺകുട്ടികൾക്ക് സൗഹൃദമായ ടോയ്‌ലറ്റും ഉണ്ടായിരിക്കണം. പാചകപ്പുര പരിസരവും വൃത്തിയാക്കണം. പാചക തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം. സ്കൂൾ കോമ്പൗണ്ടിൽ അപകടകരമായതും വെള്ളം കെട്ടി നിൽക്കുന്നതുമായ കുഴികൾ ഇല്ല എന്ന് ഉറപ്പുവരുത്തണം. വളപ്പിൽ അപകടകരമായ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണം. പാമ്പുകൾ മറ്റ് ഇഴജന്തുക്കൾ തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുള്ള മാളങ്ങൾ ഇല്ല എന്ന് ഉറപ്പാക്കണം. ശുദ്ധജല സൗകര്യം ഉണ്ടായിരിക്കണം. കിണർ, വാട്ടർ ടാങ്ക് എന്നിവ വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും വേണം. കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ നൽകാവൂ. കുടിവെള്ളത്തിന് ഗുണനിലവാര പരിശോധന നടത്തണം. മലിനജല നിർമാർജനത്തിനും മാലിന്യ സംസ്കരണത്തിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കണം. മാലിന്യ സംസ്കരണത്തിനായി ബയോഗ്യാസ് പ്ലാന്റ് ഉണ്ടാക്കാം.
മേൽപ്പറഞ്ഞ തയ്യാറെടുപ്പുകൾ തങ്ങളുടെ കീഴിലുള്ള സ്കൂളുകളിൽ സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർ സ്കൂളുകൾ സന്ദർശിച്ച് പരിശോധിച്ച് റിപ്പോർട്ട് വിദ്യാഭ്യാസ ഉപഡയറക്ടർ നൽകണം. ഉപഡയറക്ടർമാർ റിപ്പോർട്ടുകൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകേണ്ടതാണ്.

Share this post

scroll to top