തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മറ്റു വകുപ്പുകൾക്കൊപ്പം അധ്യാപകരേയും നിയോഗിക്കാൻ സർക്കാർ തീരുമാനം. ഏറ്റവും അധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത കാസർകോട് ആദ്യഘട്ട നിയമനം ഉണ്ടാകുമെന്നാണ് സൂചന. ഇതുമായി ബന്ധപെട്ടു കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിവരങ്ങൾ കൈമാറാൻ ജില്ലാ കളക്ടർ സജിത് ബാബു ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരുടെ പട്ടിക നാളെ കൈമാറാനാണ് നിർദേശം. 24 മണിക്കൂറും ഇവരുടെ സേവനം ഉപയോഗിക്കാനാണ് തീരുമാനം. മൂന്ന് ഷിഫ്റ്റുകളിലായി ജോലി ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
വിദേശത്ത് നിന്നടക്കം കൂടുതൽ മലയാളികൾ എത്താനുള്ള സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ പേരെ ആവശ്യമുണ്ടെന്നതിനാലാണ് അധ്യാപകരെ കൂടി നിയോഗിക്കുന്നത്. അദ്ധ്യാപകർ സ്വയം സന്നദ്ധരായി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന സന്ദേശം പ്രധാന അദ്ധ്യാപകർ മുഖേന എല്ലാവരിലേക്കും എത്തിച്ചിട്ടുണ്ട്. ആരെയും നിർബന്ധിക്കില്ലെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. മൂന്നു ഷിഫ്റ്റുകളിലായാണ് 24 മണിക്കൂറും അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കുക.
0 Comments