എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ: ഇന്ന് 11ന് ക്യുഐപി യോഗം

തിരുവനന്തപുരം: എസ്‌എസ്എൽസി, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ ശേഷിക്കുന്ന പരീക്ഷകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കായി ഇന്ന് ക്യുഐപി യോഗം ചേരും. രാവിലെ 11നാണ് ഓഡിയോ കോൺഫറൻസ്‌ സംവിധാനത്തിലൂടെ ക്യുഐപി യോഗം നടക്കുന്നത്.
പരീക്ഷാ തീയതി, അധ്യാപക പരിശീലനം എന്നിവയുമായി ബന്ധപ്പെട്ട ആലോചനകൾക്കായാണ് യോഗം. ലോക്ക്‌ഡൗണിൽ ഇളവ്‌ ലഭിച്ച ജില്ലകളിലെ സ്‌കൂളുകളിൽ പാഠപുസ്‌തകങ്ങൾ എത്തിക്കാനുള്ള സംവിധാനങ്ങളും ഇതുവരെ പൂർത്തിയാക്കിയ പരീക്ഷകളുടെ മൂല്യനിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളും യോഗം ചർച്ച ചെയ്യും.
ലോക്ക്‌ഡൗൺ മെയ് 3ന് അവസാനിച്ചാൽ അടുത്ത ആഴ്ചയിൽ പരീക്ഷകൾ പുന:രാരംഭിക്കാനാണ് നീക്കം. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. എസ്‌എസ്‌എൽസിക്ക്‌ മൂന്നും ഹയർസെക്കൻഡറിക്ക്‌ നാലും വൊക്കഷണൽ ഹയർ സെക്കൻഡറിക്ക് അഞ്ചും പരീക്ഷകളാണ് ശേഷിക്കുന്നത്. ലോക്ക്‌ഡൗൺ അവസാനിച്ചാൽ ഏതു സമയവും പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് സജ്ജമാണെന്ന്‌ മന്ത്രി സി.രവീന്ദ്രനാഥ്‌ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ മുഴുവൻ പേർക്കും സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചിട്ടുണ്ട്‌. ഒമ്പതാം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷ നടത്തില്ല എന്നാണ് തീരുമാനം. ഇതിനു പകരം പാദ, അർധ വാർഷിക പരീക്ഷകളുടെ മാർക്കുകൾ താരതമ്യം ചെയ്‌ത്‌ വാർഷിക പരീക്ഷയ്‌ക്ക്‌ മാർക്ക്‌ അനുവദിക്കും. മെയ്‌ 5 മുതൽ സ്‌കൂൾ പ്രവേശന നടപടികൾ ആരംഭിക്കാനാണ് ശ്രമം.

Share this post

scroll to top