ഐടി മേഖലയിലെ അമ്മമാർക്കും കുട്ടികൾക്കുമായി ബാലമിത്രം

തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടിവരുന്ന രക്ഷിതാക്കൾക്കായി ‘ബാലമിത്രം’ എന്ന പേരിൽ ടെലിഫോൺ കൗൺസലിംങ് സംവിധാനം ആരംഭിച്ചു. തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, കേരള സംസ്ഥാന വനിതാ വികസന കോർപറേഷനുമായി ചേർന്നാണ് ബാലമിത്രം ആരംഭിച്ചിട്ടുള്ളത്. ലോക് ഡൗൺ കാലമായതിനാൽ എല്ലാവരും വീടുകളിലാണുള്ളത്. ഐ.ടി. കമ്പനികളാകട്ടെ വർക്ക് അറ്റ് ഹോം അടിസ്ഥാനമാക്കിയാണ് ജോലി ചെയ്യുന്നത്. അതേസമയം വീടുകളിലുള്ള കുട്ടികൾ ജോലി ചെയ്യാൻ സമ്മതിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. ഇത്തരം ജീവനക്കാരെ പ്രത്യേകിച്ചും ഐ.ടി. മേഖലയിലെ വനിതാ ജീവനക്കാരെ ലക്ഷ്യമിട്ടാണ് ബാലമിത്രം പദ്ധതി ആരംഭിച്ചത്.
കുട്ടികളുടെ മാനസിക സംഘർഷങ്ങൾ കണ്ടെത്തി വേണ്ട ഇടപെടലുകൾ നൽകുന്നതിനായി സേവനം ആവശ്യമായ ജീവനക്കാർക്ക് 8281381357 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. കുട്ടികളിൽ കോവിഡുമായി ബന്ധപ്പെട്ട് അമിത ഉത്കണ്ഠയുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഒരു ലഘുവായ ചെക്ക് ലിസ്റ്റും  (www.cdckerala.org) ഇതിനായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. രക്ഷിതാക്കൾക്ക് ഇതുപയോഗിച്ച് കുട്ടികളുടെ മാനസികാവസ്ഥ വിലയിരുത്തുന്നതിനും ആവശ്യമുള്ളവർക്ക് രാവിലെ 10 മണിമുതൽ വൈകുന്നേരം 3 മണി വരെ ടെലിഫോൺ കൗൺസലിംഗ് സൗകര്യം പ്രയോജനപ്പെടുത്താനും കഴിയും. കൂടാതെ രക്ഷിതാക്കൾക്കായി കുട്ടികളെ ഈ പ്രത്യേക സാഹചര്യത്തിൽ എങ്ങനെ പരിപാലിക്കണം എന്നതിനുള്ള മാർഗനിർദ്ദേശങ്ങളും നൽകുന്നതുമാണ്.
ലോകമെമ്പാടുമുള്ള ജനങ്ങൾ കോവിഡ് മഹാമാരി ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്‌കൂളുകളും ഡേകെയർ സെന്ററുകളും പൊതുസ്ഥലങ്ങളും കളിക്കളങ്ങളും ഒക്കെ അടച്ചിട്ടിരിക്കുന്ന അവസ്ഥയിൽ പുതിയ സാഹചര്യവുമായി കുട്ടികളെ പൊരുത്തപ്പെടുത്തിയെടുക്കാൻ രക്ഷകർത്താക്കൾ പാടുപെടുകയാണ്. വീട്ടിലിരുന്ന് ജോലിചെയ്യേണ്ടി വരുന്നവർക്ക് ഈ സാഹചര്യത്തിൽ കുട്ടികളുടെ പരിപാലനവുമായി ബന്ധപ്പെട്ട് പല വെല്ലുവിളികളും നേരിടേണ്ടിവന്നേക്കാം. കുട്ടികളുടെ ബോറടി ഒഴിവാക്കുക, അവരെ സുരക്ഷിതരാക്കുക, അവരുടെ പഠനകാര്യങ്ങളുമായി മുന്നോട്ടുപോകുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അവർക്ക് ജോലിയോടൊപ്പം കൊണ്ടുപോകേണ്ടി വരാം. ഒരു പ്രശ്ന കാലഘട്ടം വരുമ്പോൾ കുട്ടികൾ മുതിർന്നവരെയാണ് ആ സാഹചര്യവുമായി പൊരുത്തപ്പെട്ടുപോകാൻ ആശ്രയിക്കുന്നത്.
ഒരൽപ്പം ഉത്കണ്ഠ അസുഖവ്യാപനം തടയുന്നതിനുവേണ്ട മുൻകരുതലുകളെടുക്കാൻ സഹായകരമാകുമെങ്കിലും അമിത ഉത്കണ്ഠ കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് വീട്ടിലുള്ള അവസരം രക്ഷിതാക്കളിൽ പലർക്കും വീട്ടിലിരുന്ന് ജോലിചെയ്യേണ്ട ആവശ്യകത ഉണ്ടെങ്കിൽ പോലും കുട്ടികളിൽ ആരോഗ്യപരമായ ശീലങ്ങൾ ഉണ്ടാക്കുന്നതിനും പ്രശ്നപരിഹാര കഴിവുകൾ വളർത്തിയെടുക്കുന്നതിനും സമയം ക്രിയാത്മകമായി ചെലവഴിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിനും കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായകരമാകുന്ന വിധത്തിൽ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു. ഇതനുസരിച്ചുള്ള പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

Share this post

scroll to top