തിരുവനന്തപുരം: ഏപ്രിൽ 14ന് ലോക്ഡൗൺ കഴിയുകയാണെങ്കിൽ തൊട്ടടുത്ത ദിവസങ്ങളിൽ സ്കൂൾ പരീക്ഷകൾ പുന:രാംരംഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള വ്യാജ വാർത്ത ആന്റി ഫേക്ക് ന്യൂസ് ഡിവിഷൻ കയ്യോടെ പിടികൂടി. ഒരു വ്യക്തതയും ഇല്ലാതെ ഓരോ കാര്യങ്ങളാണ് യുവാവ് വീഡിയോയിലൂടെ വിളിച്ചു പറയുന്നത്. ഈ വീഡിയോ സഹിതം ആന്റി ഫേക്ക് ന്യൂസ് ഡിവിഷൻ വാർത്ത പുറത്തു വിട്ടു. ഇത്തരത്തിലുള്ള വ്യാജവാർത്തകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആശങ്കയും അനാവശ്യ ഭീതിയും ഉണ്ടാക്കുന്നതാണ്.
ഇത്തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കാതിരിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം ഇതിന്റെ ഭവിഷ്യത്തുകൾ ഇത് പ്രചരിപ്പിക്കുന്നവർ അനുഭവിക്കേണ്ടിവരും. ഇത്തരം സന്ദർഭങ്ങളിൽ ശരിയായിട്ടുള്ളതും ആധികാരികവുമായ വിവരങ്ങൾക്ക് എല്ലായ്പ്പോഴും മന്ത്രിമാരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സർക്കാർ വകുപ്പുകളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ പത്രക്കുറിപ്പുകൾ, സർക്കാർ മൊബൈൽ ആപ്പായ ജിഒക്കെ ഡിറക്ട് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ എന്നിവയെ മാത്രം ആശ്രയിക്കുക എന്നും കേരള ആന്റി ഫേക്ക് ന്യൂസ് ഡിവിഷൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വ്യാജവാർത്തകൾ ശ്രദ്ധയിൽപെട്ടാൽ 9496003234 വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കണമെന്നും കേരള ആന്റി ഫേക്ക് ന്യൂസ് ഡിവിഷൻ ആവശ്യപ്പെടുന്നു.

0 Comments