
കണ്ണൂർ: കണ്ണൂർ ജില്ലയിൽ സ്നേഹിത @ സ്ക്കൂളിന് തുടക്കമായി.സ്കൂള്‍ തലം മുതല്‍ തന്നെ കുട്ടികളുടെ വ്യക്തിത്വ-സ്വഭാവ വികസനത്തിനും പഠന പ്രക്രിയകളിലും വഴികാട്ടിയാവുകയും ലിംഗസമത്വത്തിലൂന്നിയ പുതിയ തലമുറയെ സൃഷ്ടിക്കുന്നതിനുമായാണ് കുടുംബശ്രീ മിഷന് സ്നേഹിത @ സ്കൂൾ പദ്ധതി ആവിഷ്ക്കരിച്ചത്. സമൂഹത്തിലുണ്ടാകുന്ന എല്ലാ ചലനങ്ങളും കുട്ടികളുടെ ജീവിതത്തെയും സ്വഭാവത്തെയും സ്വാധീനിക്കും. കുടുംബപ്രശ്നങ്ങള്‍, ലഹരിയുടെ ഉപയോഗം, സുഹൃത്തുക്കളും ബന്ധുക്കളും, അധ്യാപകരുമായുള്ള ബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വിവരസാങ്കേതിക വിദ്യയുടെ ദുരുപയോഗം, മാധ്യമങ്ങളുടെ സ്വാധീനം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ കുട്ടികളെ ദോഷകരമായി ബാധിക്കും. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളെ സ്നേഹപൂര്‍വ്വം ചേര്‍ത്തു നിര്‍ത്തുകയാണ് സ്നേഹിതയുടെ ലക്ഷ്യം. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്, പ്രചോദന ക്ലാസുകള്‍, അധ്യാപകരെയും മാതാപിതാക്കളെയും ഉള്‍പ്പെടുത്തി സമ്പര്‍ക്ക പരിപാടികള്‍ എന്നിവയിലൂടെ കുട്ടികളെ സാമൂഹ്യപ്രതിബദ്ധതയും ലക്ഷ്യബോധവുമുള്ളവരാക്കി വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനമാണ് ഈ പദ്ധതിയിലൂടെ കുടുംബശ്രീ മിഷന് നടപ്പിലാക്കുന്നത്. ജില്ലയിലെ പതിനൊന്ന് സ്കൂളുകളില്‍ സ്നേഹിത @ സ്കൂള്‍ എന്ന പേരില്‍ കൗണ്‍സലിംഗ് സെന്റര്‍ ആരംഭിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക്ക് സ്നേഹിത @ സ്കൂളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വ്വഹിച്ചു. കോളയാട് സെന്റ് കോര്‍ണേലിയൂസ് ഹയര്‍സെക്കൻഡറി സ്കൂളില്‍ നടന്ന പരിപാടിയില്‍ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് ടി ശങ്കരന് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന് എഡി.എം.സി അഖിലേഷ് പദ്ധതി വിശദീകരിച്ചു വാര്‍ഡ് മെമ്പര്‍ എ ടി കുഞ്ഞഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ജോളി ജോസഫ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ അനീഷ നാണു, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ നൈല്‍ കെ എന്‍, സ്നേഹിത സര്‍വീസ് പ്രൊവൈഡര്‍ കെ കെ ആതിര, പ്രിന്‍സിപ്പല്‍ ഫാദര്‍ ഗിനീഷ്, സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് സി എമിലി എന്നിവര്‍ സംസാരിച്ചു. കൗണ്‍സലിംഗ്, നിയമ സഹായം, താല്‍ക്കാലിക അഭയം തുടങ്ങിയ സേവനങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 1800 425 0717 ലഭിക്കും
0 Comments