നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഊഷ്മള സ്വീകരണം: സത്യപ്രതിജ്ഞ നാളെ

Feb 20, 2020 at 6:59 am

Follow us on

\"\"

തിരുവനന്തപുരം: കേരളത്തിലെത്തിയ നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഊഷ്മള സ്വീകരണം. രാവിലെ 8.30ന് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. പത്‌നി രേഷ്മ ആരിഫിനൊപ്പമാണ് അദ്ദേഹം എത്തിയത്. രാവിലെ 8.30ന് എയർ ഇന്ത്യയുടെ എ.ഐ 263 വിമാനത്തിൽ എത്തിയ നിയുക്ത ഗവർണറെ വിമാനത്താവളത്തിൽ മന്ത്രി ഡോ. കെ.ടി. ജലീൽ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, സതേൺ എയർ കമാൻറ് എയർ ഓഫീസർ ഇൻ ചാർജ് എയർ മാർഷൽ ബി. സുരേഷ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് എയർഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ എത്തിയ അദ്ദേഹം പോലീസിന്റെ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. ടെക്‌നിക്കൽ ഏരിയയിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രൻ, ചീഫ് വിപ്പ് കെ. രാജൻ, കേരള സർക്കാരിന്റെ ദൽഹിയിലെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത്, പാങ്ങോട് സൈനിക ക്യാമ്പ് സ്‌റ്റേഷൻ കമാൻഡൻറ് ബ്രിഗേഡിയർ സി.ജി. അരുൺ, ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, കാർഷികോത്പാദന കമ്മീഷണർ ഡോ. ഡി.കെ. സിങ്, തൊഴിൽ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.കെ. കേശവൻ, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, കമ്മീഷണർ എം.ആർ. അജിത്കുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. എയർപോർട്ടിൽ നിന്ന് രാജ്ഭവനിലെത്തിയ അദ്ദേഹത്തെയും ഭാര്യ രേഷ്മ ആരിഫിനെയും രാജ്ഭവൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ധൊഡാവത്ത് ബൊക്കെ നൽകി സ്വീകരിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീൽ, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, രാജ്ഭവൻ ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു. നിയുക്ത ഗവർണർക്കൊപ്പം കുടുംബാംഗങ്ങളും ബന്ധുക്കളും എത്തിയിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച (സെപ്റ്റംബർ ആറ്) രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി ടോം ജോസ്, നിയുക്ത ഗവർണറുടെ പത്‌നി രേഷ്മാ ആരിഫ്, മന്ത്രിമാർ, വിശിഷ്ടവ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും.

Follow us on

Related News

പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകനെ മർദിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശം

പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകനെ മർദിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശം

തിരുവനന്തപുരം:മലപ്പുറം കുറ്റിപ്പുറത്തിനടുത്ത പേരശ്ശനൂരിൽ പ്ലസ് വൺ വിദ്യാർത്ഥി...